കോട്ടയം: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനും പി.എസ്.സരിത്തിനും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കാളിത്തമുണ്ടെന്നും മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. കേസില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ടിട്ടുണ്ടെന്നും പി.സി.ജോര്‍ജ് വെളിപ്പെടുത്തി. സ്വപ്നയുടെ കത്തും പുറത്തുവിട്ടു. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കത്ത് എഴുതി നല്‍കിയതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍സുലേറ്റില്‍ വച്ച് സ്കാന്‍ ച്യെതപ്പോള് നോട്ടുകെട്ടുകള്‍ കണ്ടു. കോണ്‍സല്‍ ജനറലിന് കള്ളക്കടത്ത് നടത്താന്‍ എക്സ് കാറ്റഗറി സുരക്ഷ നല്കി. കത്തില്‍ ശിവങ്കറിനെതിരെ ആരോപണങ്ങളുണ്ടെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.
സോളാര്‍ കേസ് പ്രതി സരിതയുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകതയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. സരിതയുമായി എത്രകൊല്ലമായി സംസാരിക്കുന്നു. ‘ചക്കരപ്പെണ്ണേ’ എന്നാണ് സരിതയെ പണ്ടേ വിളിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പി.സി.ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് സത്യമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ എന്തെങ്കിലും എഴുതിക്കൊടുത്തെങ്കില്‍ പി.സി.ജോര്‍ജ് പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.