പാലക്കാട് :നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് താന്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നത്. മിസിസ് കമലയും മിസിസ് വീണയും ഇപ്പോള്‍ ആഡംബര ജീവിതം നയിക്കുന്നു. നഷ്ടപ്പെട്ടത് എനിക്കു മാത്രമാണ്. തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്നും സ്വപ്ന പറഞ്ഞു.
‘സോളാര്‍ കേസ് പ്രതി സരിതയുള്‍പ്പെടെ ആരും തന്റെ രഹസ്യമൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. ഈ വിഷയത്തില്‍ സരിത രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. സരിതയെ അറിയില്ല. ഞങ്ങള്‍ ഒരു ജയിലില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ അവരോട് ഒരു ‘ഹലോ’ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം സഹായിക്കാമെന്ന് പറഞ്ഞ് എന്റെ അമ്മയെ വിളിച്ചിരുന്നു. അവരുടെ സഹായം ആവശ്യമില്ല. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ വ്യക്തിപരമായി അറിയില്ല. ഈ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് സത്യമാണ്. താന്‍ എന്തെങ്കിലും എഴുതിക്കൊടുത്തെങ്കില്‍ പി.സി.ജോര്‍ജ് പുറത്തുവിടട്ടെ.
എനിക്ക് ഒരു രാഷ്ട്രീയ അജന്‍ഡയും ഇല്ല. എന്നെയൊന്ന് ജീവിക്കാന്‍ അനുവദിക്കൂ. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്നേയുള്ളൂ. 16 മാസം ജയിലില്‍ കിടന്നു. എന്റെ മക്കള്‍ അനുഭവിച്ചു. വീടും അന്നവും ഇല്ലാത്ത അവസ്ഥയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. എനിക്ക് എന്റെ മക്കളെ വളര്‍ത്തണം. ജയിലില്‍ കഴിയുമ്പോള്‍ ഡിഐജി പറഞ്ഞതു പ്രകാരം എഴുതിക്കൊടുക്കാത്തതിനാല്‍ ഒരുപാട് പീഡനം അനുഭവിച്ചു. കേസിനെ കുറിച്ച് പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും പറയാനുണ്ട്’- സ്വപ്ന പറഞ്ഞു. ജോലി ചെയ്യുന്ന പാലക്കാട് എച്ച്ആര്‍ഡിഎസില്‍ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയതായിരുന്നു സ്വപ്ന.