തിരുവനന്തപുരം: മോന്സന് മാവുങ്കലിനെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റും. ശില്പി സുരേഷിനെ മോന്സന് വഞ്ചിച്ച കേസിലാണു നടപടി. സുരേഷ് നിര്‍മിച്ചു നല്കിയ ശില്പങ്ങള് മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് കണ്ടുകെട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് എറണാകുളം കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ റിമാന്‍ഡ് ചെയ്തു.
മോന്സന് മാവുങ്കലിനു ശില്പങ്ങള് നിര്‍മിച്ചുനല്‍കിയ വകയില്‍ 70 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് കേസെടുത്തതു കഴിഞ്ഞ ദിവസമാണ്. ആദ്യപടിയായി സുരേഷ് നിര്‍മിച്ചു നല്കിയ ശില്പങ്ങള് കൊച്ചിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. വിശ്വരൂപം, വേളാംകണ്ണി മാതാവിന്റെ ശില്പം, കാട്ടുപോത്തിന്റെ ശില്പം തുടങ്ങി 8 വസ്തുക്കളാണു പിടിച്ചെടുത്തത്. നരസിംഹ മൂര്‍ത്തിയുടെ ശില്പം കാണാനില്ല. മോന്സന് വിറ്റെന്നാണു സംശയം. കണ്ടുകെട്ടിയവ തൊണ്ടിമുതലാക്കി സൂക്ഷിക്കും.
തുടര്‍ അന്വേഷണത്തിനായി മോന്‍സനെ തിങ്കളാഴ്ച തിരുവനന്തപുരം ക്രൈബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങും. മോന്സന് തട്ടിയെടുത്ത കോടികള്‍ എവിടെ എന്ന് കണ്ടെത്താനായിട്ടില്ല. പരാതി നല്കിയവരെല്ലാം ബെനാമി അക്കൗണ്ടുകളിലേക്കാണു പണം അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോന്‍സന്റെ സുഹൃത്തുക്കളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും.100 കോടി രൂപയെങ്കിലും പലയിടങ്ങളിലായി മോന്സന് നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.