
പാലക്കാട്: ഷാജ് കിരണിന് വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തിരുന്നെന്ന് സമ്മതിച്ച് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ഒരു അമ്മയുടെ വേദന മനസ്സിലാക്കിയാണ് താനത് ചെയ്തതെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കി. ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുന്നതിനായി മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോഴാണ് സ്വപ്ന സുരേഷ് ഇക്കാര്യം സമ്മതിച്ചത്.
‘ഞാനൊരു സ്ത്രീയാണ്. ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യയ്ക്ക് അമ്മയാകാനാകില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ പൂര്‍ണയാകണമെങ്കില്‍ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്ന സുരേഷിനേപ്പോലെ ഒരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞു.’ – സ്വപ്ന വെളിപ്പെടുത്തി.
”എന്നാല്‍ നിങ്ങള്‍ പണമൊന്നും തരേണ്ടെന്നു ഞാന്‍ പറഞ്ഞു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന എനിക്ക് മനസ്സിലാക്കാനായി. എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കുമെന്നു പറഞ്ഞു. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അതേ വേദന അനുഭവിച്ചേനെ’- സ്വപ്ന പറഞ്ഞു.