കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി, മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും യു.ഡി.എഫും സമരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് കേസിലെ പ്രതിയില്‍നിന്ന് പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്താന്‍ ഉത്തരവിട്ട പിണറായി വിജയന് യു.ഡി.എഫ് സമരം ചെയ്യുമ്പോള്‍ വിഷമം വരുന്നത് എന്തിനാണെന്നും സതീശന്‍ ആരാഞ്ഞു. പണ്ട് സെക്രട്ടേറിയറ്റ് വളയുകയും കേരളം മുഴുവന്‍ സമരം നടത്തുകയും ചെയ്ത ആളല്ലേ പിണറായി. അന്ന് അദ്ദേഹം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞത്. പണ്ട് പിണറായി പറഞ്ഞ അതേ വാചകം യു.ഡി.എഫും ആവര്‍ത്തിക്കുന്നു. മൊഴി സംബന്ധിച്ച് അന്വേഷണം നടത്താനും മുഖ്യമന്ത്രി കസേരയില്‍ നിന്നും മാറി നില്‍ക്കാനും പിണറായി തയാറാകണം. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിലെ ഒരാളും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ പോലും തയാറായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. നേരത്തെ ആരോപണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതെന്ന് ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കണം. നേരത്തെയും രഹസ്യമൊഴി വന്നതിന് പിന്നാലെ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ വരുന്നത് അറിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ ഒരു വര്‍ഷത്തിന് ശേഷം ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തു. ഇനി ഈ രണ്ട് കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കും. കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും സെറ്റില്‍ ചെയ്തത് പോലെ ഈ കേസുകളും ഒത്തുതീര്‍പ്പാക്കുമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.