തിരുവല്ല: സ്വപ്ന സുരേഷ്-ഷാജ് കിരണ്‍ ശബ്ദരേഖയിലെ ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിലീവേഴ്സ് ചര്‍ച്ച് സഭാ പ്രതിനിധി ഫാ. സിജോ ജോസ്. ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിലിവേഴ്സ് ചര്‍ച്ച് ഒരു സഭയാണ്. 57 ഭദ്രാസനങ്ങളും പള്ളികളുമുണ്ട്. ആശുപത്രികള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സഭയുടെ സന്നദ്ധ സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. അല്ലാതെ, ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പണ ഇടപാടുകള്‍ നടത്തുക എന്നതല്ല. ഷാജ് കിരണ്‍ എന്ന വ്യക്തിയെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് ഞങ്ങള്‍ക്ക് പരിചയമുള്ളത്. അതിനപ്പുറത്തേക്ക് യാതൊരു ബന്ധവുമില്ല. ബിലീവേഴ്സ് ചര്‍ച്ചിനെ ഷാജ് കിരണ്‍ എന്തുകൊണ്ട് ഇതിലേക്ക് വലിച്ചിഴച്ചു എന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നമായി തങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുകയാണ്. എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ ഉടന്‍തന്നെ തീര്‍ച്ചയായും ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കും, ഫാ. സിജോ പ്രതികരിച്ചു.
ബിലീവേഴ്സ് ചര്‍ച്ചിന്റെ ഏതോ പ്രസ്ഥാനത്തിന്റെ ഡയറക്ടറാണ് എന്ന് കഴിഞ്ഞ ദിവസം ചില വാര്‍ത്തകളില്‍ കണ്ടു. ഇക്കാര്യം ആ ശബ്ദരേഖയിലുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കില്‍ ഷാജ് കിരണിനെതിരേ കേസ് കൊടുക്കും. ഇല്ലെങ്കില്‍ പത്രസമ്മേളനത്തില്‍ അത് പറഞ്ഞവര്‍ക്കെതിരേയും കേസ് കൊടുക്കും, ഫാ. സിജോ കൂട്ടിച്ചേര്‍ത്തു.