കാസര്‍കോട്: സ്വര്‍ണക്കള്ളക്കടത്തിനു നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പെറിഞ്ഞു. പ്രകടനവും പ്രസംഗവും കഴിഞ്ഞു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്പിലെ ബാരിക്കേഡ് തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്നു നേതാക്കളുടെ പ്രസംഗത്തിനു ശേഷം വീണ്ടും ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമമുണ്ടായി.
ഇതിനിടെയായിരുന്നു പ്രവര്‍ത്തകരിലൊരാള്‍ ബിരിയാണി ചെമ്പ് കലക്ടറേറ്റിലേക്ക് എറിഞ്ഞത്. ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പ് വിട്ടുകിട്ടാന്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പക്ഷേ പൊലീസ് വിട്ടു നല്കാന് തയാറായില്ല. തന്റെയും കുടുംബത്തിന്റെയും പേരില്‍ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റത്തില്‍ നിന്നു രക്ഷപ്പെടാന്‍ കുറ്റാന്വേഷണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചു വെല്ലുവിളിക്കുകയാണെന്നും എന്തു വില കൊടുത്തും ഇതിനെ നേരിടുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.