തിരുവനന്തപുരം: വിമാനയാത്ര സുരക്ഷിതമല്ലാതാകുന്ന സാഹചര്യം ആരു സൃഷ്ടിച്ചാലും നിര്‍ഭാഗ്യകരമാണെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. തനിക്കു നേരെ വന്നവരെ ജയരാജന് തടയുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിനുള്ളില്‍ പരസ്പരം പ്രശ്നം ഉണ്ടാക്കുന്ന രീതി എങ്ങനെ അനുവദിക്കാന്‍ കഴിയും? അതു യാത്രക്കാരില്‍ ആകെ ഉണ്ടാക്കുന്ന ആശങ്ക മനസ്സിലാക്കണം. ഇങ്ങനെ ഒരു നടപടി യാദൃച്ഛികമെന്ന് അവഗണിക്കാന്‍ കഴിയുന്നതല്ല. റീജനല്‍ കാന്‍സര്‍ സെന്ററില്‍ പോകാനെന്ന പേരില്‍ അവസാന നിമിഷം ടിക്കറ്റെടുത്ത് ഇത്രയും ചെയ്യുന്നതു നിസ്സാരമല്ല. ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പ്രതിഷേധക്കാരില്‍ ഒരാള്‍ പല കേസുകളിലും പെട്ടയാളാണ് എന്നാണു വിവരമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫിസുകള്ക്കെതിരായുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടി ഓഫിസുകളെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെ വീടുകളെയും വെറുതേ വിടണം. അതിനു വിരുദ്ധമായ പ്രവൃത്തികള്‍ തടയണമെന്ന കാനത്തിന്റെ നിര്‍ദേശം പൊതുവില്‍ യോഗം അംഗീകരിച്ചു