തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍. ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ പഞ്ചവത്സര പദ്ധതിക്കുള്ള കരട് സമീപനരേഖയിലാണ് ഇതേക്കുറിച്ചുള്ള സൂചന. പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണം ചൂണ്ടിക്കാട്ടുമ്പോഴാണ് കേരളം നേരിടാന്‍ പോകുന്ന നാലുവെല്ലുവിളികള്‍ എടുത്തുപറയുന്നത്.
കേന്ദ്രം പങ്കിടുന്ന നികുതിയില്‍ കേരളത്തിനുണ്ടാവുന്ന കുറവ്, കേന്ദ്രത്തില്‍നിന്നുള്ള റവന്യൂകമ്മി ഗ്രാന്റ് നിര്‍ത്തലാകുന്നത്, ജി.എസ്.ടി. നഷ്ടപരിഹാരത്തുക അവസാനിക്കുന്നത്, കടമെടുപ്പുപരിധി പഴയനിരക്കിലേക്കു മാറ്റുന്നത് എന്നിവയാണ് കേരളം നേരിടാന്‍ പോകുന്ന വെല്ലുവിളികളെന്ന് സമീപന രേഖയില്‍ പറയുന്നു.
പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശയനുസരിച്ച്, സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളില്‍ കേരളത്തിന്റെ പങ്ക് 2.5 ശതമാനത്തില്‍നിന്ന് 1.925 ശതമാനമാകും. റവന്യൂകമ്മി ഗ്രാന്റായി കേരളത്തിനു ലഭിച്ചിരുന്ന വിഹിതം 2023-24-ല്‍ അവസാനിക്കുമെന്നും ജി.എസ്.ടി. നഷ്ടപരിഹാരം 2022 ജൂണിനുശേഷം തുടരാന്‍ സാധ്യതയില്ലെന്നും സമീപനരേഖയില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനം എന്ന അളവിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് സംസ്ഥാനം നേരിടാന്‍പോകുന്ന മറ്റൊരു തിരിച്ചടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നാലരശതമാനമായി ഉയര്‍ത്തിയിരുന്നു. 2025-26-ല്‍ മൂന്നുശതമാനമായി നിജപ്പെടുത്താനാണ് കേന്ദ്രതീരുമാനം.
പതിന്നാലാം പഞ്ചവത്സരപദ്ധതിയുടെ ആകെ അടങ്കല്‍ത്തുക അന്തിമമായി നിശ്ചയിച്ചിട്ടില്ലെങ്കിലും പതിമ്മൂന്നാം പദ്ധതിയിലുണ്ടായ ചെലവിന്റെ അടിസ്ഥാനത്തില്‍ 2.15 ലക്ഷം കോടി രൂപയെങ്കിലും വരുമെന്ന് കണക്കാക്കുന്നു.
ആദ്യത്തെ രണ്ടുവര്‍ഷം മൊത്തം സംസ്ഥാന ആഭ്യന്തരഉത്പാദനം പത്തുശതമാനവും പിന്നീടുള്ള മൂന്നുവര്‍ഷം 11 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് സമീപനരേഖയില്‍ അനുമാനിക്കുന്നു.
തനതുനികുതി വരുമാനത്തില്‍ 12.7 ശതമാനവും നികുതിയേതര വരുമാനത്തില്‍ 10 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. കാര്‍ഷിക വിപണനത്തിന് സമൂലമാറ്റങ്ങള്‍ കൊണ്ടുവരിക, ആഴക്കടല്‍ മത്സ്യബന്ധനത്തിലേക്കുനീങ്ങാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, പുതിയ ഖനന നയം തയ്യാറാക്കുക, റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ അര്‍ധാതിവേഗ റെയില്‍പദ്ധതി നടപ്പാക്കുക എന്നീ നിര്‍ദേശങ്ങളും സമീപനരേഖയില്‍ പറയുന്നു.