തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അര്‍ധാതിവേഗ പദ്ധതി നടപ്പാക്കുമെന്ന പിടിവാശിയില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ ഒരടി പിന്നോട്ടെന്നു സൂചന. കേന്ദ്രാനുമതി കിട്ടിയില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞു. എതിര്‍പ്പ് കൂടിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശങ്കിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ്. അക്കാദമി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എതിര്‍പ്പുകണ്ട് പിന്മാറില്ലെന്നും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുമ്പുവരെ മുഖ്യമന്ത്രിയും സി.പി.എം. നേതാക്കളും പറഞ്ഞിരുന്നത്. തൃക്കാക്കര ഫലം സില്‍വര്‍ലൈനിനെതിരായ ജനവിധിയായി കണക്കാക്കുന്നില്ലെന്നാണ് ഫലത്തിനുശേഷം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആരെതിര്‍ത്താലും അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകതന്നെ ചെയ്യും. പദ്ധതി പദ്ധതിയായിത്തന്നെ നടക്കും.