കൊച്ചി: തൊഴില്‍ റിക്രൂട്‌മെന്റിന്റെ മറവില്‍ ഇന്ത്യന്‍ യുവതികളെ വിദേശത്തു കൊണ്ടു പോയി വില്‍പന നടത്തിയെന്ന കേസില്‍ എറണാകുളം രവിപുരത്തെ സ്വകാര്യ സ്ഥാപനത്തിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തെളിവു ശേഖരണം തുടങ്ങി. സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം. പ്രതികളുടെ ഐഎസ് ബന്ധത്തെപ്പറ്റി പരാതിയില്‍ പരാമര്‍ശമുള്ള സാഹചര്യത്തിലാണു സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ എന്‍ഐഎ ശ്രമം തുടങ്ങിയത്. വിദേശത്തു കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദാണു (ഗാസലി) മനുഷ്യക്കടത്ത് റാക്കറ്റിന്റെ തലവനെന്ന് ഇവരില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനി പൊലീസിനു മൊഴി നല്‍കി.
എറണാകുളം ഷേണായിസ് ജംക്ഷനില്‍ താമസിക്കുന്ന അജുമോനാണ് കേരളത്തില്‍ നിന്നു യുവതികളെ റിക്രൂട്ട് ചെയ്യുന്നതെന്നും മൊഴിയിലുണ്ട് . അജുമോനെ പോലെ മറ്റു സംസ്ഥാനങ്ങളിലും മജീദിന് ഏജന്റുമാര്‍ ഉണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന സൂചന.കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കു മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു പരാതിക്കാരിയായ യുവതിയെ സംഘം കുവൈത്തില്‍ എത്തിച്ചത്. അവിടെയെത്തിയ ശേഷം 9.50 ലക്ഷം രൂപയ്ക്ക് വിദേശി കുടുംബത്തിനു വിറ്റതായാണ് പരാതി. ശമ്പളം നല്‍കാതെ രാവിലെ മുതല്‍ അര്‍ധരാത്രി വരെ ജോലി ചെയ്യിക്കാന്‍ തുടങ്ങിയപ്പോഴാണു കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നു പരാതിക്കാരി പറയുന്നു.
വിവരം നാട്ടിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. പ്രശ്‌നം പറഞ്ഞപ്പോള്‍ യുവതിയെ നാട്ടിലെത്തിക്കാന്‍ 3.50 ലക്ഷം രൂപ നല്‍കണമെന്ന് അജുമോനും മജീദും ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ യുവതികളെ സിറിയയിലെ ഐഎസ് ക്യാംപില്‍ വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നു മറ്റു യുവതികളെ ഇതേ സംഘം ഐഎസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കുന്നു.
ചതിയില്‍പെട്ട 3 യുവതികളെ കുവൈത്തിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മോചിപ്പിച്ചു നാട്ടിലെത്തിച്ചപ്പോഴാണു റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള പൊലീസിനു ലഭിച്ചത്. മുഖ്യകണ്ണിയായ മജീദിനെ കണ്ടെത്താന്‍ എംബസിയുടെ സഹായത്തോടെ എന്‍ഐഎ ശ്രമം തുടങ്ങിയിട്ടുണ്ട്.