തിരുവനന്തപുരം: ചാലിയാര്‍ പുഴയ്ക്കു കുറുകേയുള്ള കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നുണ്ടായ നഷ്ടം കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി വഹിക്കണമെന്ന് മരാമത്ത് വകുപ്പ്. പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടു പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും വകുപ്പ് തീരുമാനിച്ചു.
മെക്കാനിക്കല്‍ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ടെക്നിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കമ്പനിക്കു കര്‍ശന നിര്‍ദേശം കൊടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നൈപുണ്യമുള്ള തൊഴിലാളികളാണ് പണിക്കു മേല്‍നോട്ടം വഹിച്ചത്. പണി പുനരാരംഭിക്കുന്നതിനു മുന്‍പ് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും അസി.എന്ജീനീയര്ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മരാമത്ത് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
നേരത്തെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കൂടുതല്‍ വ്യക്തത തേടി മടക്കിയിരുന്നു. മാനുഷിക പിഴവോ ജാക്കിയുടെ തകരാറോ ആണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏതാണ് കാരണമെന്ന് വ്യക്തത വരുത്തണമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്. മാനുഷിക പിഴവാണെങ്കില്‍ ആവശ്യത്തിനു നൈപുണ്യ തൊഴിലാളികള്‍ ഉണ്ടായിരുന്നോ എന്നു പരിശോധിക്കാനും നിര്‍ദേശിച്ചു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മെയ് 16ന് രാവിലെയാണ് അപകടം നടന്നത്. 3 ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നു വീണു. 309 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്.
മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കാന്‍ താഴ്ത്തുമ്പോള്‍ അടിയില്‍ വച്ച ഹൈഡ്രോളിക് ജാക്കികളില് ഒന്ന് പ്രവര്‍ത്തിക്കാതായതോടെ ബീം ചരിഞ്ഞു താഴുകയായിരുന്നു. 35 മീറ്റര്‍ നീളമുള്ള വലിയ മൂന്നു ബീമുകളില്‍ ഒന്ന് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും പുഴയില്‍ പതിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാര്‍. 2019 മാര്‍ച്ച് ഏഴിനാണ് പാലം നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 25 കോടിരൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്.