രാജ്‌കോട്ട്: നാലാം ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിനു തകര്‍ത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ഇന്ത്യ മൂന്നാം മത്സരം 48 റണ്‍സിനു വിജയിച്ചിരുന്നു. വെള്ളിയാഴ്ചത്തെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്തി (2-2). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്‍സിനു പുറത്തായി.
ദിനേഷ് കാര്‍ത്തിക്കിന്റെ അര്‍ധസെഞ്ചറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 27 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 55 റണ്‍സെടുത്തു പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 31 പന്തുകളില്‍നിന്ന് 46 റണ്‍സെടുത്തു. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 26 പന്തില്‍ 27 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ ഋഷഭ് പന്തിനും മികവു പുറത്തെടുക്കാനായില്ല. 23 പന്തില്‍ 17 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസനാണ് അവരുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് 13 പന്തില്‍ 14 റണ്‍സെടുത്തു പുറത്തായി. ഏഴ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ രണ്ടക്കം കടക്കാതെ ഗ്രൗണ്ട് വിട്ടു.
ഇതോടെ 16.5 ഓവറില്‍ 87 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് അവസാനിച്ചു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആവേശ് ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തി. ചെഹല്‍ രണ്ടു വിക്കറ്റുകളും ഹര്‍ഷല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 19ന് ബെംഗളൂരുവില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.