പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥന്റെ സദാചാര പൊലീസിങ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുടെ രഹസ്യമറിയാന്‍ ഫോണ്‍ പിടിച്ചെടുക്കുകയാണ് ഉന്നത ഉദ്യോഗസ്ഥന് ചെയ്തത്. പൊലീസുകാരന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്.
ഇയാള്‍ക്കെതിരേ രേഖാമൂലം പരാതിയില്ലെന്നാണ് അറിയുന്നത്. അടൂര്‍ പ്രദേശത്തുള്ള ആരോ രഹസ്യ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്. യാതൊരു നടപടി ക്രമവും പാലിക്കാതെ സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചെടുത്തിരിക്കുകയാണ്. ഇതോടെ സ്റ്റേഷന് വിട്ടു പോയ പൊലീസുകാരനെ തേടി സഹപ്രവര്‍ത്തകര്‍ പരക്കം പായുകയാണ്.
ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത ഫോണ്‍ ഇപ്പോഴുള്ളത്. പൊലീസുകാരന്റെ സ്വകാര്യത പോലും മാനിക്കാതെയാണ് ഉന്നത ഉദ്യോഗസ്ഥന് ഫോണ്‍ പിടിച്ചെടുത്തത്. രേഖാമൂലം പൊലീസുകാരനെതിരേ പരാതി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാളുടെ സ്വകാര്യതയായ ഫോണ്‍ പിടിച്ചെടുക്കാന്‍ ചില നടപടി ക്രമങ്ങളും ചട്ടങ്ങളുമുണ്ട്. അതൊന്നും പാലിക്കാതെ ഗുണ്ടായിസമാണ് കാണിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.
പൊലീസുകാര്‍ മദ്യപിച്ചോ എന്നറിയാന്‍ സ്റ്റേഷനിലെത്തി വായ മണപ്പിക്കുന്ന പരിപാടിയും അടുത്തിടെയായി തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് അവിഹിതവും രഹസ്യാന്വേഷണത്തിന്റെ പരിധിയില്‍ വന്നിരിക്കുന്നത്.