പത്തനംതിട്ട: വഴിവിട്ട ബന്ധം നയിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുടെ ഫോണ്‍ പിടിച്ചെടുത്ത രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. പൊലീസുകാരന് ആരോടും പറയാതെ സ്റ്റേഷന് വിട്ടതോടെ ഇയാളെ കണ്ടെത്താന്‍ ഇന്നലെ രാത്രി സഹപ്രവര്‍ത്തകര്‍ നെട്ടോട്ടമോടി.
സാമുഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുടെ ഫോണാണ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് നാലു മണിയോടെ പിടികൂടിയത്. തൊട്ടുപിന്നാലെ പൊലീസുകാരന് സ്ഥലം വിട്ടു.
അടൂര്‍ മരുതിമൂട്ടിലുള്ള ഒരു വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തുന്നുവെന്ന വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി നേരിട്ടു ചെന്ന് ഫോണ്‍ പിടിച്ചു വാങ്ങിയത്. എസ്പിയുടെ നിര്ദേശപ്രകാരമായിരുന്നുവത്രേ ഇത്. എന്തു പരാതിയുടെ പേരിലാണെങ്കിലും ഒരാളുടെ സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റമാണ് ഉണ്ടായത്. കുറ്റകൃത്യം ഏതാണെങ്കിലും ഫോണ്‍ പിടിച്ചെടുക്കണമെങ്കില്‍ രേഖാമൂലമായ പരാതി ഉണ്ടാകണം. അതിനൊപ്പം മഹസര്‍ തയാറാക്കുകയും വേണം. ഇവിടെ ഇതു രണ്ടും ഉണ്ടായിരുന്നില്ല.
ഇതോടെ ഡിവൈഎസ്പി സദാചാര പൊലീസ് കളിക്കുകയാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. പൊലീസുകാരനെപ്പറ്റി വിവരം ഒന്നുമില്ലാതായതോടെ അസോസിയേഷന് അടക്കം ഇടപെട്ടു. പൊലീസുകാരന് തെറ്റുകാരനായിരിക്കാം. പക്ഷേ, വ്യക്തമായ പരാതി ഇല്ലാതെയും മഹസര്‍ തയാറാക്കാതെയും ഫോണ്‍ പിടിച്ചെടുത്തതിനെതിരേ അസോസിയേഷന് നേതാക്കള്‍ പ്രതികരിച്ചു.
ഇതോടെ ഇന്നു രാവിലെ പൊലീസുകാരനെ വിളിച്ചു വരുത്തി ഫോണ്‍ കൈമാറുകയായിരുന്നു. ഒപ്പം മേലില്‍ കുറ്റം ആവര്‍ത്തിക്കില്ലെന്ന് എഴുതി വയ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസുകാരന് മാത്രമേ ഈ നിയമം ബാധകമാവുകയുള്ളോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ജില്ലയിലെ തന്നെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് എതിരേ വരെ ഇത്തരം പരാതി നിലനില്‍ക്കുന്നുണ്ട്. അവരെ ആരെയും ഈ രീതിയില്‍ എഴുതി വയ്പിക്കാത്തത് എന്തേ എന്ന ചോദ്യമാണ് പൊലീസുകാര്‍ ഉയര്‍ത്തുന്നത്. ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ രണ്ടു തരം നീതിക്കെതിരേ അമര്‍ഷം ഉയരുകയാണ്.