തിരുവനന്തപുരം: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐയുടെ നടപടിയില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. ഇക്കാര്യത്തില്‍ എസ്എഫ്ഐ തിരുത്തണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സമരത്തെ തള്ളിപ്പറയാന്‍ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ സംഘടനയിലെ പാര്‍ട്ടി അംഗങ്ങളോടു വിശദീകരണം തേടും. ശക്തമായ നടപടിയെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇതിനു പിന്നാലെ, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐയും വ്യക്തമാക്കി. ജില്ലാ നേതൃത്വം ഇത്തരമൊരു മാര്‍ച്ച് സംഘടിപ്പിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അക്രമത്തിനു പിന്നിലുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും യച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
ഇവര്‍ക്കു പുറമേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്, മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും അക്രമത്തിനെതിരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്.