എടക്കര : ജീവനറ്റ ആ കുരുന്നിനരികെ അവര്‍ കാവല്‍നിന്നു. ഒന്നും രണ്ടുമല്ല, 33 മണിക്കൂര്‍. ഭയപ്പെടുത്താനായി നാട്ടുകാര്‍ പൊട്ടിച്ച പടക്കമോ വിശപ്പോ ദാഹമോ ഒന്നും അവരെ ബാധിച്ചില്ല. തള്ളയാനയുള്‍പ്പെടെ മൂന്നുപേര്‍ ആ ജഡത്തിനരികെ നിലയുറപ്പിച്ചു.
ഗൂഡല്ലൂരിലെ പന്തല്ലൂരിനുസമീപം മലവന്‍ ചേരമ്പാടിയിലെ ചന്ദ്രന്റെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ കുട്ടിക്കൊമ്പന്‍ ചരിഞ്ഞത്. ചായത്തോട്ടത്തില്‍ എട്ട് ആനകളാണ് തീറ്റ തേടിയെത്തിയത്. ഇതിനിടെ ആനക്കുട്ടി കുഴഞ്ഞുവീണു. കുട്ടിക്കൊമ്പനെ ഉയര്‍ത്താനുള്ള ആനക്കൂട്ടത്തിന്റെ ശ്രമം വിഫലമായി. തടിച്ചുകൂടി പടക്കംപൊട്ടിച്ച നാട്ടുകാരെ ആനക്കൂട്ടം വിരട്ടിയോടിച്ചു. രാത്രി പതിനൊന്നോടെ അഞ്ച് ആനകള്‍ കാട്ടിലേക്കുമടങ്ങി. ഒരു കൊമ്പനും രണ്ടു പിടിയാനകളും അവിടെ നിലയുറപ്പിച്ചു.
ഞായറാഴ്ച രാവിലെ ഏഴോടെ കുട്ടിക്കൊമ്പന്റെ ജഡത്തിലേക്ക് അവസാന നോട്ടവുംനോക്കി ആനകള്‍ കാട്ടിലേക്കു നീങ്ങി. കാവല്‍നിന്ന പിടിയാനയാണ് കുട്ടിക്കൊമ്പന്റെ തള്ളയെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. റെയ്ഞ്ചര്‍ ആനന്ദ്കുമാര്‍, ഗാര്‍ഡ് ജയകുമാര്‍, കൃപാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാവല്‍ ഏര്‍പ്പെടുത്തി. ജഡം തിങ്കളാഴ്ച പോസ്റ്റുേമാര്‍ട്ടം ചെയ്യും.