റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മുകേഷ് അംബാനി രാജിവെച്ചു. സ്ഥാപനത്തിന്റെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ മൂത്ത മകനുമായ ആകാശ് അംബാനിയെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു.
പങ്കജ് മോഹന്‍ പവാറിനെ അഞ്ച് വര്‍ഷത്തേക്ക് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. രമീന്ദര്‍ സിങ് ഗുജ്റാള്‍, കെവി ചൗധരി എന്നിവര്‍ ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് ഡയറക്ടര്‍മാരായിരിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക ജനറല്‍ മീറ്റിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.
നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. ഇന്ത്യയില്‍ 22 ടെലികോം സര്‍ക്കിളുകളിലെല്ലാമായി 4ജി എല്‍ടിഇ സേവനം നല്കുന്ന കമ്പനിയാണിത്. നിലവില്‍ 4ജി, 4ജി പ്ലസ് സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുത്തിട്ടുമുണ്ട്.
വിവര സാങ്കേതികവിദ്യാ രംഗം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ജിയോ ഫൈബര്‍ സേവനങ്ങളും ലൈഫ് സ്മാര്‍ട്ഫോണുകള്‍, ജിയോ ഫോണുകള്‍, ജിയോ നെറ്റ് വൈഫൈ, ജിയോ ഫോണ്‍ നെക്സ്റ്റ് തുടങ്ങിയ ഉല്പന്നങ്ങളും കമ്പനിയുടേതായുണ്ട്. വിവിധ സേവനങ്ങള്‍ നല്കുന്ന ജിയോ ആപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.