അടൂര്‍ : ഭഗവത്ഗീതയിലും ഇതിഹാസങ്ങളിലും തനിക്കുള്ള അഗാധമായ ജ്ഞാനം വ്യക്തമാക്കിയും ശ്രീനാരായണ ഗുരുദേവ സൂക്തങ്ങള്‍ ചൊല്ലിയും ചക്കൂര്‍ച്ചിറ ഭഗവതിക്ഷേത്രത്തിലെ ദേവിഭാഗവത നവാഹ വേദിയില്‍ സലാം മുസലിയാര്‍ മൗലവിയുടെ പ്രഭാഷണം.
യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനിലിന്റെ അടുത്ത സുഹൃത്താണ് സലാം മൗലവി. സുനിലിന്റെ അഭ്യര്‍ഥന മാനിച്ച് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു മൗലവി. ഹൈന്ദവ പണ്ഡിതന്മാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് മൗലവി ഭഗവത്ഗീതയെ വ്യാഖ്യാനിച്ചത്. കുരുക്ഷേത്ര ഭൂമിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനനോട് നടത്തിയ ഉപദേശം ഈ ലോകത്തോട് മുഴുവനോടുമായിരുന്നു. ഒരു വ്യക്തിയോട് മാത്രമല്ല, മാനവകുലത്തിനൊന്നടങ്കം വളരെ വ്യക്തമായി നല്‍കുന്ന ഉപദേശമായിരുന്നു. 101 കൗരവ പാപങ്ങളെല്ലാം ശരണഗതി പ്രാപിച്ചു കൊണ്ട് നിന്റെ ഭഗവാന് അടിയറ വയ്ക്കാനായാല്‍ പരാശക്തിയുടെ അനുഗ്രഹാശിസുകള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് മൗലവി പറഞ്ഞു.
ഭഗവത്ഗീത കക്ഷത്തില്‍ വച്ചിട്ട് പോക്കറ്റ് ഡയറിയാണെന്ന് കളവു പറഞ്ഞ നമ്പൂതിരിക്ക് ശ്രീനാരായണ ഗുരു നല്‍കിയ മറുപടിയും വളരെ സരസമായി മൗലവി പ്രതിപാദിച്ചു. നവാഹയജഞത്തില്‍ എട്ടാം ദിവസമായിരുന്നു വെള്ളിഴ്ച. നവചണ്ഡികാഹോമത്തിന് ശേഷം നടന്ന ആചാര്യ പ്രഭാഷണത്തിനിടെയാണ് മൗലവി യജ്ഞശാലയിലെത്തിയത്. യജ്ഞാചാര്യനെ ആലിംഗനം ചെയ്ത ശേഷമാണ് മൗലവി പ്രഭാഷണം നടത്തിയത്.