
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല(ഇഎസ്ഇസെഡ്) വിഷയത്തില്‍ കേരളത്തില്‍ കടുത്ത ആശങ്ക ഉയരുന്നതിനിടെ, നെയ്യാര്‍-പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്കു സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി. നിര്‍ദിഷ്ട ക്വാറി യൂണിറ്റ് പരിസ്ഥിതിലോല മേഖലയില്‍ അല്ലെന്നും ക്വാറി വന്യജീവി സങ്കേതത്തെയോ സംരക്ഷിത വനമേഖലയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും കേരളം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ ഈ ശുപാര്‍ശ വന്യജീവി ബോര്‍ഡിന്റെ സ്ഥിരം സമിതി യോഗത്തിലെ മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന്റെ (അദാനി വിഴിഞ്ഞം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്) ക്വാറിക്ക് നിശ്ചിത ഉപാധികളോടെയാണ് മേയ് 30ന് ഓണ്‍ലൈനായി ചേര്‍ന്ന ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്ഥിരം സമിതി യോഗം അനുമതി നല്‍കിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പേപ്പാറ വന്യജീവി സങ്കേതത്തില്‍നിന്ന് 5.12 കിലോമീറ്ററും നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് 6.76 കിലോമീറ്ററും ആകാശ ദൂരത്തിലാണ് (aerial distance) നിര്‍ദിഷ്ട ക്വാറി പ്രദേശം സ്ഥിതി ചെയ്യുന്നതെന്നും നിര്‍ദിഷ്ട പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തിക്കു പുറത്തുനിന്നുള്ള പ്രദേശമാണ് ക്വാറി പ്രവര്‍ത്തിക്കുക എന്നുമാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആഘാതം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക ലഘൂകരണ നടപടികളുടെ ആവശ്യമില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദ്ധതി അനുമതിക്ക് ശുപാര്‍ശ നല്‍കിയത്.
പേപ്പാറ, നെയ്യാര്‍ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും 70.9 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനടുത്താണ് നിര്‍ദിഷ്ട ക്വാറിക്ക് അനുമതി തേടിയത്. അതേസമയം, മലബാര്‍, പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങള്‍, പെരിയാര്‍ കടുവ സങ്കേതം എന്നിവിടങ്ങള്‍ക്കു സമീപത്ത് 3 ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശുപാര്‍ശ അടുത്ത യോഗത്തില്‍ പരിഗണിക്കാന്‍ മാറ്റി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നു നടന്ന ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്ഥിരം സമിതി യോഗം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് പരിഗണിച്ചെങ്കിലും, പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തുകയായിരുന്നു.
വ്യവസ്ഥകള്‍ ഇങ്ങനെ:
നെയ്യാര്‍-പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്കു സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറി പ്രവര്‍ത്തനത്തിനു ദേശീയ വന്യജീവി ബോര്‍ഡ് യോഗം നിര്‍ദേശിച്ച വ്യവസ്ഥകള്‍:
1. സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും ക്വാറി പ്രവര്‍ത്തനം പാടില്ല.
2. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ നടത്തിപ്പുകാര്‍ 10 ലക്ഷം രൂപ കെട്ടിവയ്ക്കണം.
3. നിബന്ധനകള്‍ പാലിച്ചുവെന്നു വ്യക്തമാക്കി കൊണ്ടുള്ള വാര്‍ഷിക സര്‍ട്ടിഫിക്കറ്റ് ക്വാറി ഉടമ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കണം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സമാനമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കണം.