തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഭരണഘടനയോടു കൂറു പുലര്‍ത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി അതേ ഭരണഘടനയെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടി.
മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ എന്തു വേണമെന്നു തീരുമാനിക്കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍. ദേശീയതയില്‍ അടിയുറച്ച വിശ്വാസമാണു ഭരണഘടന എന്നും ഇക്കാര്യം മുഖ്യമന്ത്രി ശ്രദ്ധിക്കുമെന്നു കരുതുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണു താന്‍ വിമര്‍ശിച്ചതെന്നു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നീടു നിയമസഭയിലും സജി ചെറിയാന്‍ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മന്ത്രിക്കെതിരെ നടപടി ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണു പ്രതിപക്ഷ തീരുമാനം. ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും പരസ്യമായി അവഹേളിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. യുഡിഎഫ്, ബിജെപി നേതാക്കളും പരാതി നല്‍കി. മന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഡിജിപിക്കു പരാതി നല്‍കി. ഇവ മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ അയച്ചു കൊടുത്തു. കോടതി ഇടപെട്ടാല്‍ പ്രശ്‌നം ഗുരുതരമാകുമെന്ന നിയമോപദേശമാണു സര്‍ക്കാരിനു ലഭിച്ചതെന്ന് അറിയുന്നു.