തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച മന്ത്രി സജി ചെറിയാന് ഒടുവില്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി. വൈകുന്നേരം വാര്‍ത്താസമ്മേളനം നടത്തിയാണ് സജി ചെറിയാന് രാജി പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പിന്നാലെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.