ടോക്യോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്നു റിപ്പോര്‍ട്ടുണ്ട്.
ജപ്പാന്റെ ഔദ്യോഗിക മാധ്യമമായ ജപ്പാന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിലേക്കു മാറ്റി.
തുടര്‍ച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണു വെടിയേറ്റത്.
2006ലാണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വര്‍ഷം അതു തുടര്‍ന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടര്‍ന്നു. ഈ സമയങ്ങളിലെല്ലാം എല്‍ഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ല്‍ പ്രതിപക്ഷ നേതാവായും 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.