തൊടുപുഴ : നേരിട്ടു കാണാത്ത ലോട്ടറിയിലൂടെ 75 ലക്ഷം! കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷനല്‍ സ്കൂളിലെ ഹെല്‍ത്ത് നഴ്സ് കെ.ജി.സന്ധ്യമോള്‍ക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ഫോണില്‍ പറഞ്ഞതനുസരിച്ച് എടുത്തുവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അതിന്റെ അവകാശിയെ വിളിച്ചറിയിച്ച് ടിക്കറ്റ് കൈമാറിയ മൂപ്പില്‍ക്കടവ് വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന് തോമസും സത്യസന്ധതയുടെ പ്രതീകമായി. കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥാണ് സന്ധ്യയുടെ ഭര്‍ത്താവ്.
മൂന്നു മാസം മുന്‍പ് സന്ധ്യ ചില്ലറ മാറാന്‍ ലോട്ടറിക്കടയില്‍ എത്തിയപ്പോഴാണ് ആദ്യമായി സാജനെ പരിചയപ്പെടുന്നത്. അന്ന് ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമില്ല. പിന്നീടു വല്ലപ്പോഴും സാജന് ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കും. അക്കാര്യം സന്ധ്യയെ അറിയിക്കും. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം സന്ധ്യ കൃത്യമായി നല്‍കും. ഇന്നലെയും സാജന് വിളിക്കുമ്പോള്‍ അത് ഒന്നാം സമ്മാനത്തിന്റെ കാര്യം പറയാനാണെന്നു കരുതിയതേയില്ല. കാരണം മാറ്റിവച്ച ടിക്കറ്റിന്റെ നമ്പര്‍ ഏതാണെന്നുപോലും സന്ധ്യ ശ്രദ്ധിച്ചിരുന്നില്ല. ഒന്നാം സമ്മാനത്തിന്റെ വിവരം മഞ്ജു ലക്കി സെന്ററില്‍നിന്നാണ് സാജനെ വിളിച്ചറിയിച്ചത്.