മസ്‌കത്ത്: ശക്തമായ കാറ്റും മഴയും തുടരുന്ന ഒമാനില്‍ കുട്ടിയുള്‍പ്പെടെ 2 സ്വദേശികള്‍ മുങ്ങി മരിച്ചു. ദുരിബാധിതമേഖലകളില്‍ കുടുങ്ങിയ ഒട്ടേറെ പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. മരങ്ങള്‍ കടപുഴകി. ചില റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിസ്വ വിലായത്തില്‍ മലനിരകളില്‍ നിന്നു കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചത്.
ഇബ്രി വിലായത്തിലെ വാദി അല്‍ ഹജര്‍ ഡാമില്‍ 20 വയസ്സുകാരനാണ് മുങ്ങിമരിച്ചത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസണ്ടം ഗവര്‍ണറേറ്റിലെ മദ്ഹ വിലായത്തില്‍ വീടുകളില്‍ കുടുങ്ങിയവരെ റോയല്‍ എയര്‍ഫോഴ്‌സും പൊലീസ് ഏവിയേഷന്‍ വിഭാഗവും ചേര്‍ന്നു രക്ഷപ്പെടുത്തി. ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി.
മദ്ഹ, നിയാമത് മലയോരമേഖലകളില്‍ കുടുങ്ങിയ 200 പേരെയും ഷിനാസില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന വാഹനത്തില്‍ കുടുങ്ങിയ 2 പേരെയും രക്ഷപ്പെടുത്തി. കനത്ത മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലാണ്. സുഹാര്‍, ബര്‍ഖ, സഹം, സുവൈഖ്, ഷിനാസ്, ജബല്‍ അഖ്ദര്‍, മബേല, ഖുറിയാത്ത്, ലിവ, ഇബ്രി, ഖാബുറ, നഖല്‍ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.