ശരണം വിളിച്ച് അധികാരത്തില്‍ വന്നു: തെറി വിളിച്ച് ഭരണവും: പന്തളം നഗരസഭയില്‍ ബിജെപിക്കാരുടെ തമ്മിലടി

0 second read
0
0

പന്തളം: ശബരിമല സ്ത്രീപ്രവേശം നല്‍കിയ ഊര്‍ജം കൊണ്ടാണ് നഗരസഭയില്‍ ബിജെപി മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നത്. ശരണം വിളിയുടെ അലയൊലികള്‍ ബിജെപി വിജയത്തിന് കൊഴുപ്പേകി. എന്നാലിപ്പോള്‍ ശരണം വിളിച്ച നാവു കൊണ്ട് പരസ്പരം തന്തയ്ക്ക് വിളിക്കുന്ന ബിജെപിക്കാരെയാണ് പന്തളത്തുകാര്‍ കാണുന്നത്.

ബിജെപിയുടെ സംസ്ഥാനമൊട്ടാകെയുള്ള രണ്ട് നഗരസഭകളില്‍ ഒന്നിന്റെ അധ്യക്ഷയാണ് പന്തളത്തെ സുശീല സന്തോഷ്. ഇനിയൊന്ന് പാലക്കാടാണ്. പന്തളത്തിന്റെ ഭരണം ബിജെപിക്ക് കിട്ടാന്‍ കാരണം ശബരിമല വിഷയമാണെന്നതിന് തര്‍ക്കമൊന്നുമില്ല. മൃഗീയ ഭൂരിപക്ഷത്തിന്റെ നിറവില്‍ അധികാരമേറിയ പന്തളത്തെ ബിജെപിക്കാര്‍ നന്നായി ഭരിക്കാനല്ല നോക്കുന്നത് തമ്മിലടിക്കാനാണ്.

ആകെയുള്ള 33 സീറ്റില്‍ 18 ഉം നേടിയാണ് പന്തളം നഗരസഭാ ഭരണം ബിജെപി പിടിച്ചത്. ഏറെയും ജയിച്ചത് വനിതകള്‍. എന്‍ഡിഎ18, എല്‍ഡിഎഫ് 9, യുഡിഎഫ്5 മറ്റുള്ളവര്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇടതും വലതും ഈ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുന്‍പ് വീണ്ടും ബിജെപി ഞെട്ടിച്ചു. ഭരണ പാരമ്പര്യവും നേതൃഗുണവുമുള്ള മുതിര്‍ന്ന അംഗം കെവി പ്രഭ, അച്ചന്‍കുഞ്ഞ് ജോണ്‍ എന്നിവരെയൊന്നും പരിഗണിക്കാതെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സുശീല സന്തോഷിനെ ചെയര്‍പേഴ്സണാക്കി ശക്തമായ സൂചനയാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയത്. ദളിത്പിന്നാക്ക സ്നേഹം പ്രസംഗിക്കുന്ന ഇടതിനും വലതിനും കഴിയാത്ത കാര്യം ചെയ്ത ബിജെപി കൈയടി നേടുകയും ചെയ്തു.

ഇവിടെ തീര്‍ന്നു എല്ലാം. പിന്നീട് കുത്തഴിഞ്ഞ ഭരണം നടക്കുന്നതാണ് നഗരസഭയില്‍ കണ്ടത്. ഭരണ പരിചയമില്ലാത്ത, നവാഗതരായ വനിതകളുടെ കൈയിലായി നഗരസഭാ ഭരണം. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ വനിതകള്‍. എങ്ങനെ ഭരിക്കണം, എന്തു ചെയ്യണമെന്ന് അറിയില്ല. മുന്‍പ് കൗണ്‍സിലര്‍ ആയവര്‍ ഈ കൗണ്‍സിലിലും ഉണ്ട്. ആരോടും ഉപദേശം ചോദിക്കാതെ ചെയര്‍പേഴ്സണിന്റെ തന്നിഷ്ട പ്രകാരമുള്ള ഭരണം. ആദ്യ ബജറ്റ് കൃത്യ സമയത്ത് അവതരിപ്പിക്കാന്‍ സാധിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതും നീണ്ടു പോയി. പിന്നീട് സെക്രട്ടറിയും ഭരണ സമിതിയുമായി ഭിന്നത. പ്രതിപക്ഷമായ എല്‍ഡിഎഫും യുഡിഎഫും ചെലുത്തുന്ന സമ്മര്‍ദം.

ഇതിനിടെയാണ് ബിജെപിയില്‍ പാളയത്തില്‍ പടയുണ്ടാകുന്നത്. മുന്‍പ് രണ്ടിലേറെ തവണ ജനപ്രതിനിധിയായിട്ടുള്ള കെവി പ്രഭയും ചെയര്‍പേഴ്സണ്‍ സുശീല സന്തോഷുമായി കനത്ത ഭിന്നത ഉടലെടുത്തു. കഴിഞ്ഞയാഴ്ച പദ്ധതി രൂപീകരണം ചര്‍ച്ച ചെയ്യാനുള്ള അജണ്ട വിളിച്ചപ്പോള്‍ ബിജെപിയില്‍ ഒരു വിഭാഗം കൗണ്‍സിലര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. ഇതോടെ കൗണ്‍സില്‍ മാറ്റി വയ്ക്കേണ്ടി വന്നു. ചെയര്‍പേഴ്സണ്‍ തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ നീക്കുന്നതാണ് ബിജെപിയില്‍ ഭിന്നതയ്ക്ക് കാരണമായത്.
ഞായറാഴ്ച പദ്ധതി രുപീകരണവുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്സണും മറ്റു ചില കൗണ്‍സിലര്‍മാരും നഗരസഭയില്‍ എത്തിയിരുന്നു.

സുശീല സന്തോഷിന്റെ ഭര്‍ത്താവും കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാവരും കൂടിയിരിക്കുന്ന വിവിധ ചിത്രങ്ങള്‍ എടുത്ത ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍ ഇരിക്കുന്ന ഗ്രൂപ്പില്‍ ഇടുകയും ഭാര്യയാണോ ഭര്‍ത്താവാണോ ചെയര്‍ പേഴ്സണ്‍ എന്ന തരത്തില്‍ കമന്റ് വരികയും ചെയ്തു. ഈ പടമെടുത്ത് അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത് കെവി പ്രഭയാണെന്ന് പറഞ്ഞ് തിങ്കളാഴ്ച വൈകിട്ടാണ് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ബഹളം നടന്നത്. പാഞ്ഞെത്തിയ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് കൗണ്‍സിലര്‍ കെവി പ്രഭയുടെ തന്തയ്ക്ക് വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന പ്രഭ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആദ്യം പകച്ചു പോയതും പിന്നീട് പ്രതികരിക്കുന്നതും വീഡിയോയില്‍ നിന്ന് കാണാം.

രോഷത്തോടെ പ്രതികരിക്കുന്ന ചെയര്‍പേഴ്സണ്‍, പ്രഭയെ കൈയേറ്റം ചെയ്യുമെന്ന് പറയുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇവര്‍ തമ്മിലുളള ശീതസമരം മറനീക്കിയിട്ട് അധികകാലമായില്ല. പദ്ധതി രൂപീകരണ കൗണ്‍സില്‍ യോഗം പ്രഭയുടെ നേതൃത്വത്തില്‍ ബഹിഷ്‌കരിച്ച് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചപ്പോഴാണ് ഇത് മൂര്‍ധന്യത്തിലെത്തിയത്. അന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പന്തളത്ത് എത്തുകയും പ്രഭയെയും സുശീലയെയും വിളിച്ച് ഒത്തു തീര്‍പ്പ് ചര്‍ച്ച ഒന്നിച്ചും പ്രത്യേകവുമായി നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം വലിയ കുഴപ്പമില്ലാതെ തുടരുമ്പോഴാണ് കഴിഞ്ഞ ദിവസം ഈ പ്രശ്നമുണ്ടാകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. സുശീലയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നീക്കുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…