ആതിര എന്ന മലയാളി പെണ്‍കുട്ടി ഇനി പറക്കാന്‍ ഒരുങ്ങുന്നത് ബഹിരാകാശത്തിലേക്ക്

1 second read
0
0

തിരുവനന്തപുരം: ആതിര എന്ന മലയാളി പെണ്‍കുട്ടി ഇനി പറക്കാന്‍ ഒരുങ്ങുന്നത് ബഹിരാകാശത്തിലേക്ക്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയ്ക്കു കീഴില്‍ ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാലുകാരിയാണ് പേയാട് മൂങ്ങോട് അക്ഷര നഗര്‍ പാലമറ്റത്ത് വി.വേണുവിന്റെയും പ്രീതയുടെയും മകള്‍ ആതിര പ്രീത റാണി. ഈ പരിശീലനം വിജയിച്ചാല്‍ കല്‍പന ചൗള, സുനിതാ വില്യംസ് എന്നിവര്‍ക്കു ശേഷം ബഹിരാകാശത്ത് പറക്കുന്ന മറ്റൊരു ഇന്ത്യന്‍ വനിതയാകും ആതിര. ആദ്യ മലയാളിയും.

സ്‌കൂള്‍ പഠനകാലം മുതല്‍ തുടങ്ങിയതാണ് ആതിരയുടെ ആകാശ യാത്രാ അന്വേഷണങ്ങള്‍ . തലസ്ഥാനത്തെ ജ്യോതിശാസ്ത്ര സംഘടനയായ ‘ആസ്‌ട്രോ’യുടെ ക്ലാസുകളില്‍ സ്ഥിരം സാന്നിധ്യമായതോടെ തന്റെ ലോകത്തേക്കുള്ള വഴികള്‍ തുറന്നു. പിന്നീട് ജീവിതപങ്കാളിയായ ഗോകുലിനെ പരിചയപ്പെടുന്നതും ഇതേ ക്ലാസ് മുറിയില്‍ വച്ചാണ്. സമ്പാദിച്ചു കൊണ്ട് പഠിക്കുക എന്ന നിര്‍ബന്ധവും പൈലറ്റാവുക വഴി തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന നിശ്ചയവും ആതിരയെ ചെറുപ്രായത്തില്‍ തന്നെ കൊണ്ടെത്തിച്ചത് കാനഡയിലെ ഒട്ടോവ അല്‍ഗോണ്‍ക്വിന്‍ കോളജിലാണ്. അവിടെ ‘റോബോട്ടിക്‌സ്’ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി.

കാനഡയില്‍ വ്യോമസേനയില്‍ ചേരാതെ തന്നെ പൈലറ്റ് പരിശീലനം നേടാനുള്ള അവസരം ഉണ്ടെന്ന് അറിഞ്ഞതോടെ പഠനത്തോടൊപ്പം ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. അതിലെ സമ്പാദ്യം കൊണ്ടാണ് പൈലറ്റ് പരിശീലനം നേടിയത്. ഇതിനിടെ അല്‍ഗോണ്‍ക്വിന്‍ കോളജില്‍ നിന്ന് ഉന്നത വിജയം നേടി. 20-ാം വയസ്സില്‍ ആദ്യമായി വിമാനം നിയന്ത്രിച്ചു.

ഇതിനിടെ വിവാഹിതയായ ആതിര ഭര്‍ത്താവ് ഗോകുലുമായി ചേര്‍ന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്റ്റാര്‍ട്ടപ് കാനഡയില്‍ തുടങ്ങി. വിവിധ ലക്ഷ്യങ്ങളോടെ ‘എക്‌സോ ജിയോ എയിറോസ്‌പേസ്’ എന്ന പേരില്‍ സ്‌പേസ് കമ്പനിയും ഇവര്‍ മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചു. പിന്നാലെയാണ് ബഹിരാകാശ യാത്രയ്ക്കുള്ള അന്വേഷണങ്ങള്‍ തുടങ്ങിയത്.

ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോനോട്ടിക്കല്‍ സയന്‍സ് എന്ന സംഘടന നടത്തുന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാസ, കനേഡിയന്‍ സ്‌പേസ് ഏജന്‍സി , നാഷനല്‍ റിസര്‍ച് കൗണ്‍സില്‍ ഓഫ് കാനഡ എന്നീ വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ വിവിധ ഘട്ടങ്ങള്‍ കടന്നാണ് പദ്ധതിയുടെ ഭാഗമായത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…