കലഞ്ഞൂര്‍ : കൂടല്‍ വില്ലേജില്‍ മുറിഞ്ഞകല്‍ കല്ലുവിളയില്‍ പുതിയ ക്വാറിയ്ക്ക് അനുമതി നല്‍കില്ലെന്ന് കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി. കല്ലുവിളയിലെ ക്വാറിയുടെ അനുമതി സംബന്ധിച്ച് പ്രത്യേക അജണ്ട വെച്ചാണ് വെള്ളിയാഴ്ച പ്രത്യേക പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നത്. പുതിയ ഒരു ക്വാറിയ്ക്കുപോലും പഞ്ചായത്തില്‍ അനുമതി നല്‍കരുതെന്ന് തീരുമാനിച്ചതായി പ്രസിഡന്റ് ടി.വി. പുഷ്പവല്ലി പറഞ്ഞു.
മുറിഞ്ഞകല്‍-അതിരുങ്കല്‍ റോഡില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് തുടങ്ങാനിരുന്ന കല്ലുവിള ക്വാറിയ്ക്കായി വലിയ നിയമ ലംഘനങ്ങള്‍ വിവിധ വകുപ്പുകള്‍ ചെയ്തതായി കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ടു.
റവന്യൂവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ വടക്ക് കിഴക്ക് ചരിവുള്ള പ്രദേശവും റബ്ബര്‍ കൃഷി ചെയ്യുന്നതുമായ പ്രദേശമാണ് ക്വാറിയുടെ പ്രവര്‍ത്തനത്തിന് നല്‍കുന്നതെന്നാണ് പറയുന്നതെന്ന് പ്രതിപക്ഷാംഗം എസ്.പി. സജന്‍ പറഞ്ഞു. റബ്ബര്‍ കൃഷി വ്യാപകമായി ചെയ്യുന്നതും ആരാധനാലയവും സ്‌കൂളും സമീപത്തുതന്നെ സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്ത് ക്വാറിയുടെ പ്രവര്‍ത്തനം നിയമലംഘനമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്ഥലത്ത് നീര്‍ത്തടമില്ലെന്നും അപകടരഹിതമായ പ്രദേശമാണെന്നുമാണ്. ഇത് തെറ്റാണെന്നാണ് പഞ്ചായത്ത് കമ്മിറ്റി പറയുന്നു. കഴിഞ്ഞ ശക്തമായ മഴ സമയത്ത് തന്നെ മൂന്ന് പ്രാവശ്യം ഇവിടെ വലിയ മണ്ണിടിച്ചില്‍ ഉണ്ടായി. റോഡിലേക്കും സമീപത്തെ നീര്‍ത്തടത്തിലേക്കുമാണ് ഈ മണ്ണ് പതിച്ചതും.
ക്വാറിയ്ക്കായി തെറ്റായ റിപ്പോര്‍ട്ടാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ക്വാറി പ്രദേശത്ത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ വിവിധ നിര്‍മാണ പ്രവര്‍ത്തനം നടന്നതായും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
പഞ്ചായത്ത് കല്ലുവിള ക്വാറിയ്ക്ക് അനുമതി നിഷേധിച്ചതിന് ഒപ്പം തെറ്റായ റിപ്പോര്‍ട്ടുകള്‍ ക്വാറിയുടെ പ്രവര്‍ത്തനത്തിനായി നല്‍കിയ വിവിധവകുപ്പുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.