പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പുറമേ സമ്മേളന പ്രതിനിധികളും ആഞ്ഞടിച്ചു.
തനിക്കെതിരായ പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി
അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നാണ് സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കെറെയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതില്‍ സര്‍ക്കാര്‍ ധാര്‍ഷ്ട്യം കാണിച്ചെന്ന് ചര്‍ച്ചയില്‍ പ്രതിനിധികളും ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലെ എട്ടാം പേജിലാണ് സിപിഐ കൂടി അടങ്ങുന്ന മുന്നണിയിലെ പ്രധാന കക്ഷിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അതിരൂക്ഷ വിമര്ശനങ്ങളുള്ളത്.
സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ പിണറായി വിജയന് എന്തിനാണ് കരിങ്കൊടികളെയും കറുത്ത മാസ്കിനെയും പേടിക്കുന്നതെന്നാണ് ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചേര്‍ത്ത് വച്ചുള്ള സ്വര്‍ണ കടത്ത് വിവാദം മുന്നണിയുടെ തന്നെ മുഖഛായക്ക് കോട്ടം വരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന ഭരണം വണ്മാന് ഷോ ആക്കി മാറ്റാന്‍ സിപിഎം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇടത് സര്‍ക്കാരിനെ സിപിഎം എല്ലായിടത്തും പിണറായി സര്‍ക്കാരെന്നാണ് വിശേഷിപ്പിക്കുന്നത്.
ഘടക കക്ഷിയായ സിപിഐയ്ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ല. സഹകരണ ബാങ്കുകളിലെ സിപിഎം നയത്തിനെതിരെയാണ് മറ്റൊരു വിമര്‍ശനം. കളളവോട്ടുകളിലൂടെയാണ് സിപിഎം സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കുന്നതെന്ന് തുറന്നടിക്കുകയാണ് സിപിഐ. സിപിഎം ബാങ്കുകളിലാണ് സാമ്പത്തിക ക്രമക്കേട് നടക്കുന്നത്. എഐഎസ്എഫിനോട് എസ്എഫ്ഐ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്നും പലപ്പോഴും അസഹിഷ്ണത അതിരു വിടുന്നെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയിലും പ്രതിനിധികള്‍ സിപിഎമ്മിനെ വിമര്‍ശിച്ചു. കാനത്തിനും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. മൗനി ബാബയെന്നാണ് ചില പ്രതിനിധികള്‍ കാനത്തെ വിശേഷിപ്പിച്ചത്.
കെറെയില്‍ വിഷയം ശബരിമല പേലെ സങ്കീര്‍ണമായി മാറ്റിയെന്നാണ് പദ്ധതി കടന്നു പോകുന്ന മേഖലയില്‍ നിന്നുള്ളവരുടെ ആരോപണം.
പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണ്. പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കുന്നു. ഈ സഹകരണ സംഘങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നു. പത്തനംതിട്ടയില്‍ മാത്രം 35 സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാണ്
സിപിഎം എംപ്ലോയ്മെന്റ് സംവിധാനം നോക്കു കുത്തിയാക്കുന്നു
കുടുംബശ്രീയില്‍ പോലും പിന്‍വാതില്‍ നിയമനം നടത്തുന്നു
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പോലും നാണിപ്പിക്കും വിധമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിമര്‍ശനം തുടരുന്നു.