കോഴിക്കോട്: തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്കു സമാനമായി മലബാര്‍ മേഖലയിലും ഓണാഘോഷം നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരത്തിന് സമാനമായ ഓണാഘോഷം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട്ട് ഇത്തവണ ഓണാഘോഷ പരിപാടികള്‍ നടത്തും.
കോവിഡിന്റെ രൂക്ഷതയെ മറികടന്ന് ജനങ്ങള്‍ക്ക് മാനസിക കരുത്ത് നല്‍കാന്‍ ഓണാഘോഷ പരിപാടികള്‍ക്ക് കഴിയണം. ജില്ലയില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യമാകുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാവണമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ മഹോത്സവം ഭാവിയില്‍ പുനരാരംഭിക്കുന്ന കാര്യം ആലോചിക്കും. ബീച്ച് ടൂറിസം പദ്ധതി വ്യാപിപ്പിക്കും. മലബാര്‍ മേഖലയില്‍ ജല ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി ചാലിയാര്‍ പുഴയില്‍ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി, എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്കുട്ടി, പി.ടി.എ.റഹീം, കാനത്തില്‍ ജമീല, കെ.എം.സച്ചിന്‍ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ്, സബ് കലക്ടര്‍ വി.ചെല്‍സാസിനി, എഡിഎം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. എ ശ്രീനിവാസ്, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.