കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് ഏകാധിപതിയെപ്പോലെയാണു ഭരണം നടത്തുന്നതെന്നും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍, പിണറായി സര്‍ക്കാര്‍’ എന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. എല്ലാം തന്നില്‍ മാത്രം കേന്ദ്രീകരിക്കുന്ന പിണറായിയുടെ പല സമീപനങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തിനു ചേരുന്നതല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു.
പരിചയക്കുറവുണ്ടെന്നു പറഞ്ഞു സിപിഐ മന്ത്രിമാരെ താഴ്ത്തിക്കെട്ടാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍പോലും മുഖ്യമന്ത്രി കൈ കടത്തുന്നു. വകുപ്പുമന്ത്രി അറിയാതെ ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ മുഖ്യമന്ത്രി നിയമിച്ചതു ഏകാധിപത്യ പ്രവണതയ്ക്കു തെളിവാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു കാലിത്തൊഴുത്ത് നിര്‍മിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിനെതിരെ പ്രതിഷേധിക്കാനോ വിമര്‍ശിക്കാനോ കഴിയാത്ത നേതൃത്വമാണു സിപിഐക്കുള്ളത്. നാക്കു പണയം വയ്ക്കുന്ന തരത്തിലാകരുത് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടുകളെന്നും വിമര്‍ശനമുയര്‍ന്നു.