ന്യൂഡല്‍ഹി: കേരളത്തിലടക്കം ഇന്ത്യയിലെ 11 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ സ്ത്രീകള്‍ക്കെന്ന് സര്‍വേ. 1.1 ലക്ഷം സ്ത്രീകളിലും ഒരു ലക്ഷം പുരുഷന്‍മാരിലും നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് കണ്ടെത്തല്‍. കേരളം കൂടാതെ രാജസ്ഥാന്‍, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലുള്ളത്.
രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് ശരാശരി 3.1 പങ്കാളികളുള്ളപ്പോള്‍ പുരുഷന്മാര്‍ക്ക് ഇത് 1.8 ആണ്. അതേസമയം, പങ്കാളിയോ കൂടെ താമസിച്ചവരോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പുരുഷന്മാരാണ് മുന്‍പില്‍. നാല് ശതമാനം പുരുഷന്മാര്‍ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 0.5 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് പങ്കാളികളല്ലാത്തവരുമായി ലൈംഗിക ബന്ധമുള്ളത്.
28 സംസ്ഥാനങ്ങളില്‍നിന്നും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി രാജ്യത്തെ 707 ജില്ലകളില്‍ 2019-21 കാലയളവിലാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ-5 നടത്തിയത്. നയ രൂപീകരണത്തിനും ഫലപ്രദമായി പദ്ധതികള്‍ നടപ്പാക്കുന്നതിനും ഉപയോഗപ്രദമായ സാമൂഹിക, സാമ്പത്തിക, മറ്റു പശ്ചാത്തല സവിശേഷതകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഡേറ്റയും ഉള്‍പ്പെടുന്നതാണ് സര്‍വേ.