കൊല്ലം : എം ഡി എംഎയുമായി ദമ്പതികളടക്കം 4 പേര്‍ പിടിയില്‍. കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍ (23), ഇയാളുടെ ഭാര്യ ബിന്‍ഷ (21), കിളികൊല്ലൂര്‍ കല്ലുംതാഴം പാല്‍ക്കുളങ്ങര കാവടി നഗര്‍ മനീഷയില്‍ അവിനാശ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗര്‍-3 ഉദയ മന്ദിരത്തില്‍ അഖില്‍ ശശിധരന്‍ (22) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
കിളികൊല്ലൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന പ്രതികളുടെ പക്കല്‍ നിന്നു 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും പൊലീസ് കണ്ടെടുത്തു. പിടിയിലായ അജുവിനെതിരെ മുന്‍പും സമാന കുറ്റത്തിനു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിളികൊല്ലൂര്‍ മേഖലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വില്‍പന നടത്താന്‍ എത്തിച്ച ലഹരിയാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരു മാസത്തോളമായി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം സിറ്റി പരിധിയിലെ ലഹരി വ്യാപാരത്തെക്കുറിച്ചു രഹസ്യ അന്വേഷണം നടത്തുകയായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും എംഡിഎംഎ വിതരണം ചെയ്യാന്‍ സംഘം പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാത്രികാലങ്ങളില്‍ ആഡംബര കാറുകളിലും ബൈക്കുകളിലും കറങ്ങി ആവശ്യക്കാര്‍ക്കു പറയുന്ന സ്ഥലങ്ങളില്‍ ലഹരി എത്തിച്ചുകൊടുക്കുന്നതാണ് സംഘത്തിന്റെ രീതി. പ്രതികള്‍ക്ക് ഇതരസംസ്ഥാന ലഹരിമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ത്രീകളെ മറയാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.