ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതില്‍ പ്രതികരണവുമായി മുന്‍ പാക്ക് താരം വസീം അക്രം. ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തല്‍ക്കാലം താല്‍പര്യമില്ലെന്ന് ഒരു ടിവി ഷോയില്‍ താരം വ്യക്തമാക്കി. ‘പരിശീലകനായാല്‍, വര്‍ഷത്തില്‍ കുറഞ്ഞത് 200 മുതല്‍ 250 ദിവസമെങ്കിലും ടീമിനായി സമര്‍പ്പിക്കണം. അതു വളരെ വലിയ ജോലിയാണ്. പാക്കിസ്ഥാനില്‍നിന്ന്, എന്റെ കുടുംബത്തില്‍നിന്നു മാറിനിന്ന് ഇത്രയധികം ജോലി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. മാത്രമല്ല, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ (പിഎസ്എല്‍) മിക്ക കളിക്കാര്‍ക്കുമൊപ്പം ഞാന്‍ സമയം ചെലവഴിക്കുന്നുണ്ട്. അവരുടെ കൈവശം എന്റെ നമ്പര്‍ ഉണ്ട്, അവര്‍ ഉപദേശം ചോദിക്കുന്നുമുണ്ട്.’- വസീം അക്രം പറഞ്ഞു.