തിരുവനന്തപുരം: കേരളത്തിലും താമര വിരിയുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം കഴക്കൂട്ടത്ത് പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച ‘പട്ടികജാതി സംഗമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മതിയെന്നും കേരളത്തില്‍ ബലിദാനം ചെയ്യാനുള്ള ധൈര്യം വേണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. കമ്യൂണിസത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഭാവിയുള്ള പാര്‍ട്ടി ബിജെപി മാത്രമാണ്. അതു ഓര്‍ത്തു വേണം പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍.
കോണ്‍ഗ്രസും കമ്യൂണിസ്റ്റും അധികാരത്തിലിരുന്നപ്പോള്‍ പട്ടിക ജാതിക്കാരെ വോട്ടിനായി ഉപയോഗിച്ചു. പട്ടികജാതിക്കാര്‍ക്കായി അവര്‍ എന്തു ചെയ്തു എന്നു വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ ഭരണം മാറിയപ്പോഴാണ് അംബേദ്ക്കറിനു ഭാരതരത്നം നല്‍കിയത്. 10 കോടി ജനങ്ങള്‍ക്ക് മുദ്ര ലോണ്‍ കോടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കൂടുതലും മാറ്റി വച്ചത് പട്ടികജാതിക്കാര്‍ക്കാണ്.
മോദി സര്‍ക്കാര്‍ രാഷ്ട്രത്തെ സുരക്ഷിതമാക്കി. മോദി സര്‍ക്കാരാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി പാക്കിസ്ഥാനു മറുപടി നല്‍കിയത്. ആത്മനിര്‍ഭര്‍ ഭാരതത്തിലൂടെ ഉല്‍പ്പാദന രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് രാജ്യത്തെ നയിക്കുകയാണ്. മോദിയുടെ ജൈത്രയാത്രയില്‍ കേരളവും ഭാഗമാകണമെന്നും അമിത് ഷാ പറഞ്ഞു.