അടൂര്‍: കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള ചെണ്ടമേളവുമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ നടന്ന ഓണാഘോഷംവിവാദമാകുന്നു. മുന്നൂറോളം രോഗികളെ കിടത്തി ചികിത്സിക്കുന്നിടത്താണ് രോഗികള്‍ക്ക് അലോസരമുണ്ടാക്കി ചെണ്ട മേളക്കാര് അരങ്ങ് തകര്‍ത്തത്. രോഗികളുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇവിടെ ഹോണ്‍ മുഴക്കുന്നതിന് അനുവാദമില്ലാത്തപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ ഓണാഘോഷം അതിരുകടന്നത്. ഹൃദ്രോഗം ഉള്‍പ്പടെയുള്ളവയ്ക്ക് ചികിത്സയ്ക്കെത്തിയവരുടെ പോലും കാര്യം ഓര്‍ക്കാതെയാണ് ആശുപത്രി കോമ്പൗണ്ടില്‍ ചെണ്ടമേളം
നടത്താന്‍ അധികൃതര്‍ തയ്യാറായത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവവും ശസ്ത്രക്രീയകളും നടക്കുന്ന ഒരു ആശുപത്രി കൂടിയാണിത്.
ഇത്തരത്തിലുള്ള ശബ്ദം നവജാത ശിശുക്കളുടെ കേഴ്വിയേയും ബാധിക്കാനിടയുണ്ടെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു കൂടാതെ ശസ്ത്രക്രീയ കഴിഞ്ഞ നിരവധി പേരാണ് ഇവിടെ കടക്കുന്നത്. പുതിയ ബഹുനില മന്ദിരത്തിന്റെ പോര്‍ച്ചില്‍ നിന്നുമാണ് ഇന്നലെ ഉച്ചയ്ക്ക് 1.15 ന് ആഘോഷം തുടങ്ങിയത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ വാര്‍ഡുകളിലാണ് ശസ്ത്രക്രീയ കഴിഞ്ഞവര്‍ കിടക്കുന്നത്. ചെണ്ടയും ചേങ്ങിലയും മുഴങ്ങിയതോട ആശുപത്രിപരിസരത്ത് നിന്ന് സംസാരിച്ചാല്‍ പോലും കേള്‍ക്കാത്ത സ്ഥിതിയായി. പ്രധാന കെട്ടിടത്തിന്റെ കവാടത്തില്‍ നിന്നും മേളക്കാര് മുന്നോട്ട് നീങ്ങി. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കുള്ള ആംബുലന്‍സ് പാത കയ്യടക്കി ഏറെ നേരം മേള പ്രദര്‍ശനം നടത്തി. ഇതോടെ മേളപ്പെരുക്കം കാണാന്‍ പുറത്തു നിന്നും ആള്ക്കാര് എത്തിയതോടെ ഇവിടം ജനനിബിഡമായി മാറി.
ഒരാള്‍ക്ക് നടന്ന് ആശുപത്രിക്കുള്ളില്‍ കയറാന്‍ കഴിയാത്ത വിധം തിരക്കായി. തുടര്‍ന്ന് ആശുപത്രിയുടെ പ്രധാനകവാടം നിറഞ്ഞ് ഘോഷയാത്രയും മേളക്കാരും ആശുപത്രിക്ക് പുറത്ത് കടന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ആശുപത്രിക്ക് പുറത്തുള്ള കെട്ടിടത്തിലേക്ക് അവര്‍ നീങ്ങി.
കാതടപ്പിക്കുന്ന ചെണ്ടമേളം ആശുപത്രിക്കുള്ളില്‍ നടത്തിയതിനെതിരെ സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവര്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണക്കാല എഞ്ചിനിയറിംഗ് കോളേജില്‍ ചെകുത്താന് ലോറിയും ഫയര്‍ എഞ്ചിനുമൊക്കെയായി നടത്തിയ ഓണാഘോഷം വിവാദമാകുകയും ഇതിനെ തുടര്‍ന്ന് ഫയര്‍ എഞ്ചിന് ഉപയോഗം സംബന്ധിച്ച് വകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.