പത്തനംതിട്ട: ഇന്ന് തിരുവോണം. തിരുവോണനാളിനെ മനസിലും മുറ്റത്തും പൂക്കളം തീര്‍ത്ത് ആഘോഷമാക്കുകയാണ് മലയാളികള്‍. പൂവിളിയും പൂത്തുമ്പിയും ഉയരുന്ന തിരുവോണനാളില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കിയാണ് കാത്തിരിപ്പ്.
തുമ്പയും തെച്ചിയും മുക്കുറ്റിയുമടക്കം പൂവിറുക്കാനായി അതിരാവിലെ ഇറങ്ങുന്ന കുട്ടിക്കൂട്ടം, പൂക്കളത്തിനൊപ്പം തൃക്കാക്കര അപ്പനെയുമൊരുക്കും. പിന്നെ ഓണക്കളികളും പാട്ടുകളും. കുട്ടികള്‍ കഴിഞ്ഞാല്‍ മുതിര്‍ന്നവരുടെ ഊഴമാണ്. ഓണക്കിളിക്കൊഞ്ചലിനൊപ്പം അംഗനമാരുടെ തിരുവാതിരച്ചുവടും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ആഘോഷമാണ് ഓണം. നിറം മങ്ങിയ ചില ഓണക്കാലങ്ങള്ക്കുശേഷം, നിബന്ധനകളും നിയന്ത്രണങ്ങളും ഇല്ലാത്ത പൊന്നേണനാളാണ് മലയാളികള്‍ക്കിത്.