തിരുവനന്തപുരം: ഓണത്തിന് ഒറ്റയടിക്ക് 15,000 കോടി രൂപ ചെലവിട്ടതോടെ ഖജനാവ് കാലിയായ സര്‍ക്കാര്‍ കര്‍ശനമായ ചെലവു ചുരുക്കല്‍ നടപടികളിലേക്ക്. കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കും. എത്ര തുകയ്ക്കു മേലുള്ള ചെലവിടല്‍ വിലക്കണമെന്നു നാളെ തീരുമാനിക്കും. സ്‌കോളര്‍ഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങല്‍, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവ ഒഴികെ വിലക്കുണ്ടാകും. ഇതു മറികടക്കണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.
പദ്ധതികള്‍ക്കായി ബജറ്റിലൂടെ അനുവദിച്ച പണം ചെലവിടുന്നതിനും നിയന്ത്രണം കൊണ്ടുവരും. സാമ്പത്തിക വര്‍ഷം ആരംഭിച്ച് 5 മാസം കഴിയുന്ന ഈ സമയത്തു പദ്ധതി വിഹിതത്തിന്റെ 43% തുക വകുപ്പുകള്‍ ചെലവിട്ടാല്‍ മതിയെന്നാണു ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, 100% തുകയും ചെലവിട്ട വകുപ്പുകളുണ്ട്. ഇതു സര്‍ക്കാരിന്റെ ധനവിനിയോഗ ക്രമത്തെ തകിടംമറിക്കുന്നതിനാലാണു നിയന്ത്രണം കൊണ്ടുവരുന്നത്. വാങ്ങിയ പണം ചെലവിടാതെ അക്കൗണ്ടില്‍ സൂക്ഷിക്കുന്ന വകുപ്പുകളില്‍നിന്ന് അവ തിരിച്ചെടുക്കും.
എന്നിട്ടും പിടിച്ചു നില്‍ക്കാനായില്ലെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു ചെയ്തതു പോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കല്‍ അടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരും.