പത്തനംതിട്ട: വിദേശജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ടിങ് സ്ഥാപന ഉടമയില്‍ നിന്ന് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിക്കൂര്‍ വെള്ളാട് കുട്ടിക്കുന്നുമ്മേല്‍ വീട്ടില്‍ നിന്നും തളിപ്പറമ്പ് പയ്യന്നൂര്‍ നരിക്കാമള്ളില്‍ ഷൈജുവിന്റെ ‘നികുഞ്ചം ‘ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നിമല്‍ ലക്ഷ്മണ(25)നാ ണ് പിടിയിലായത്.
മാള്‍ട്ട, ബല്‍ഗേറിയ, ഖത്തര്‍, കമ്പോഡിയ എന്നിവിടങ്ങളിലേക്ക് ജോലി ഒഴിവുകള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച ശേഷമാണ് 17 ലക്ഷത്തിലധികം രൂപ അക്കൗണ്ട് മുഖേനെ കൈപ്പറ്റിയത്. ഏപ്രില്‍ 11 മുതല്‍ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കല്‍ വീട്ടില്‍ ഹരീഷ് കൃഷ്ണന്‍ ആണ് പരാതിക്കാരന്‍. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയില്‍ വെണ്ണിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ‘ഡ്രീം ഫ്യൂച്ചര്‍ കണ്‍സള്‍ട്ടന്‍സ് ‘എന്ന എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്.
മാള്‍ട്ടയിലേക്ക് 25000 രൂപ വീതം നാല് ലക്ഷം രൂപയും ബള്‍ഗേറിയയിലേക്ക് 5 ലക്ഷം രൂപയും ഖത്തറിലേക്ക് 25000 രൂപയും കമ്പോഡിയയിലേക്ക് 810000 രൂപയും ഉള്‍പ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 1735000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്.തുടര്‍ന്ന് വിസ ലഭ്യമാക്കുകയോ, തുക തിരികെ നല്‍കുകയോ ചെയ്തില്ല.ഈ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഹരീഷിന്റെ മൊഴിപ്രകാരം കഴിഞ്ഞമാസം 17 ന് കോയിപ്രം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ അക്കൗണ്ട് ഉള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും പ്രതി നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പലതവണകളായി അയക്കുകയായിരുന്നെന്ന് രേഖകള്‍ പരിശോധിച്ചതില്‍ വെളിവായി. ഇയാള്‍ ഉപയോഗിച്ചുവന്ന നാല് മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയത് പരിശോധിച്ചപ്പോള്‍ കണ്ണൂര്‍,ഇരിക്കൂര്‍, പുളിക്കരുമ്പ എന്നിവടങ്ങളില്‍ ഇയാള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തി വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാള്‍ സമാനരീതിയില്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍ദേശിച്ചു. പ്രതി കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനും മറ്റുമുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ സുരേഷ് കുമാര്‍, മധു, എസ് സി പി ഓ സുധീന്‍ ലാല്‍ എന്നിവരാണ് ഉള്ളത്.