ലക്‌നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപുരിലെത്തി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട ലവ്പ്രീത് സിങ്ങിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ രാഹുലും പ്രിയങ്കയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. സംഘര്‍ഷത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ കാണും.
ബുധനാഴ്ച രാത്രിയാണ് രാഹുല്‍ ഗാന്ധിയും സംഘവും ലക്‌നൗ വിമാനത്താവളത്തില്‍നിന്ന് ലഖിംപുര്‍ ഖേരിയിലെത്തിയത്. ലക്‌നൗ വിമാനത്താവളത്തില്‍ രാഹുലിനെ യുപി പൊലീസ് തടഞ്ഞിരുന്നു. പൊലീസ് വാഹനത്തില്‍ സഞ്ചരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാഹുലും സംഘവും ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് സ്വകാര്യ വാഹനത്തിലാണ് രാഹുല്‍ ലഖിംപുര്‍ ഖേരിയിലേക്കു പുറപ്പെട്ടത്. സിതാപുരിലെത്തിയ രാഹുല്‍ ഗാന്ധി അവിടെനിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് ലഖിംപുര്‍ ഖേരിയിലേക്കു പോയത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരും രാഹുലിനൊപ്പമുണ്ട്.
ലഖിംപുര്‍ ഖേരിയില്‍ മരിച്ച കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ക്ക് ഇരു സംസ്ഥാനങ്ങളും ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപവീതം സഹായം നല്‍കുമെന്ന് മുഖ്യമന്ത്രിമാര്‍ ലക്‌നൗ വിമാനത്താവളത്തില്‍ പ്രഖ്യാപിച്ചു. സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കളും ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കുമെന്നു വിവരമുണ്ട്. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റിനെയും ആചാര്യ പ്രമോദിനെയും മൊറാദാബാദില്‍ യുപി പൊലീസ് തടഞ്ഞു.