അടൂരില്‍ എസ്എന്‍ഡിപി ശാഖാ പ്രസിഡന്റിനെ വെട്ടിയത് മോഷ്ടാവെന്ന സംശയം: ക്ഷേത്രവഞ്ചി മോഷണത്തിനിടെ പിടികൂടി പൊലീസിന് നല്‍കിയതിന്റെ പ്രതികാരമെന്നും സൂചന

1 second read
0
0

അടൂര്‍: ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെയും അക്രമിയുടെയും വിളയാട്ടം. എസ്എന്‍ഡിപി ശാഖാ പ്രസിഡന്റിന് വെട്ടേറ്റു. അയല്‍ വീട്ടിലെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി. മറ്റൊരിടത്ത് സ്‌കൂട്ടര്‍ മോഷണം പോയി. ഇനി ഒരിടത്ത് മോഷണം തടയാന്‍ ശ്രമിച്ച വീട്ടുടമയെ മോഷ്ടാവ് ആക്രമിച്ചു.

പഴകുളം കിഴക്ക് പെരിങ്ങനാട് ചാല 2006-ാം നമ്പര്‍ ആര്‍.ശങ്കര്‍ എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് ചാലായില്‍ പുത്തന്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (62) നാണ് തലയ്ക്ക് വെട്ടേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം. ഹൈസ്‌കൂള്‍ ജങ്ഷനിലുള്ള ഹോട്ടലില്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മൂന്നിന് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതാണ് രാധാകൃഷ്ണന്‍. ശേഷം ശബ്ദം കേട്ട് അടുക്കള വാതില്‍ തുറന്നപ്പോഴാണ് രാധാകൃഷ്ണനെ അടിക്കുകയും തലയില്‍ പല തവണ വെട്ടുകയും ചെയ്തത്.

വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന സഹോദരനും ഭാര്യയും ശബ്ദം കേട്ട് ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. വെട്ടിയ ആള്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികില്‍സ കിട്ടാന്‍ വൈകിയതായി പരാതിയുണ്ട്. പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ബന്ധപ്പെട്ടാണ് ചികില്‍സയ്ക്ക് സൗകര്യം ഒരുക്കിയത്.

വീടിന്റെ കതക് ആയുധമുപയോഗിച്ച് കുത്തിതുറക്കാന്‍ ശ്രമിച്ചതിന്റെ പാടുള്ളതായി പോലീസ് പറഞ്ഞു. സമീപകാലത്ത് ക്ഷേത്ര മോഷണത്തിനിടെ പിടിയിലായ സമീപവാസിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളെ രാധാകൃഷ്ണന്റെ മകന്‍ പ്രേമും സമീപത്തുള്ള ശ്രീജാ ഭവനില്‍ സന്തോഷും ഒക്കെ ചേര്‍ന്നാണ് പിടികൂടി പോലീസിന് കൈമാറിയത്. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തി കഴിഞ്ഞിരുന്ന ഇയാള്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങി നടത്തിയ മോഷണത്തിനിടെയാണ് പിടിക്കപ്പെട്ടത്. പിടിച്ചു കൊടുത്തവരോട് പ്രതികാരം ചെയ്യുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇരുചക്രവാഹനം മോഷ്ടിച്ചാണ് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്. ഇന്ധനം തീരുമ്പോള്‍ വഴിയിലുപേക്ഷിച്ച് അടുത്ത വാഹനം മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. സംഭവത്തില്‍ നാല് കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്.

ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം നാലു വീടുകള്‍ക്ക് അപ്പുറമുള്ള ശ്രീജാ ഭവനില്‍ സന്തോഷിന്റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും അക്രമി തീവച്ച് നശിപ്പിച്ചു. സമീപത്ത് കിടന്ന കാര്‍ കത്തിക്കാനും ശ്രമിച്ചു. അയല്‍വാസികള്‍ ഓടി എത്തിയപ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. പെരിങ്ങനാട് നെല്ലിമുകള്‍ ലിജു ഭവനില്‍ ലിജു ജോര്‍ജിന്റെ വീട്ടില്‍ മോഷണം നടത്താനും ശ്രമം ഉണ്ടായി. ഇത് തടയാന്‍ ശ്രമിച്ച ലിജു ജോര്‍ജിനെ ഉപദ്രവിച്ച ശേഷം അക്രമി കടന്നു കളയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ തന്നെ നെല്ലിമുകള്‍ സ്വദേശി സുഭാഷിന്റെ വീട്ടില്‍ താമസിച്ചിരുന്ന സതീശന്റെ സ്‌കൂട്ടര്‍ മോഷണം പോയി.

ഈ സ്‌കൂട്ടറിലാകാം അക്രമി രാധാകൃഷ്ണന്റെ വീട്ടിലെത്തിയതെന്നാണ് പോലീസ് കരുതുന്നത്. രണ്ടിടത്ത് നിന്ന് അക്രമിയുടേതെന്ന് കരുതുന്ന സി.സി. ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്.
അന്വേഷണത്തിന് എസ്.ഐ വിപിന്റെ നേത്യത്വത്തില്‍ അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനു അഞ്ചംഗ സംഘത്തെ നിയോഗിച്ചു. അക്രമി ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പോയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകളില്‍ ദൃശ്യങ്ങള്‍ ഉണ്ടാകുമെന്ന് പോലീസ് കരുതുന്നു. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…