അടൂരിലേക്ക് ബംഗളൂരുവില്‍ നിന്ന് ലഹരി കടത്ത് സജീവം

0 second read
0
0

പത്തനംതിട്ട: ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ലഹരി മരുന്നുകള്‍ അടൂരിലേക്ക് ഒഴുകുന്നു. ചെറിയ കവറുകളില്‍ ശരീരത്തിലും വസ്ത്രത്തിലും ഭദ്രമായി ഒളിപ്പിച്ച് കടത്താമെന്നതിനാല്‍ എം.ഡി.എം.എയുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. എക്സൈസിനും പോലീസിനും ഇവരെ പിടികൂടാന്‍ വളരെ പ്രയാസകരമാണ്. വിവരങ്ങള്‍ സംഘത്തില്‍പ്പെട്ടവരില്‍ നിന്ന് ചോരുമ്പോള്‍ ആണ് അന്വേഷണ സംഘത്തിന് പിടികൂടാന്‍ കഴിയുക.

രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണങ്ങളുടെയും ഭാഗമായെ ഇത്തരക്കാരെ പിടികൂടാനാകൂ. ഗന്ധമില്ലാത്തതിനാല്‍ വീട്ടുകാര്‍ക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയില്ല. അതിനാലാണ് മറ്റ് ലഹരിവസ്തുക്കളേക്കാള്‍ എം.ഡി.എം.എ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ് ഇവയുടെ ഉപയോഗം മറ്റുള്ളവര്‍ക്ക് വേഗം മനസിലാക്കാനും പിടിക്കപ്പെടാനും സാധ്യതയുള്ളതിനാല്‍ പുതുതലമുറ സിന്തറ്റിക് ഡ്രഗ്സാണ് ഉപയോഗിക്കുന്നതെന്ന് എക്സൈസിന്റെ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ബംഗളൂരുവിലും മറ്റും പഠിക്കുന്നതും ജോലി ചെയ്യുന്നവരുമായ ചിലരാണ് ഇതിന്റെ കണ്ണികളെന്നാണ് എക്സൈസിന്റെ നിഗമനം.

ജില്ലയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കഞ്ചാവിന്റെ ഒഴുക്കും ഉണ്ട്. സിന്തറ്റിക് ഡ്രഗ്സുമായി താരതമ്യം ചെയ്യുമ്പോള്‍ കഞ്ചാവിന് വിലക്കുറവാണെന്നതാണ് സാധാരണക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി വഴിയാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്. പച്ചക്കറിയും കന്നുകാലികളേയും കൊണ്ടുവരുന്ന വാഹനങ്ങളിലും ലഹരിവസ്തുക്കള്‍ കടത്തുന്നുണ്ട്. കൂടാതെ വാഹനങ്ങളില്‍ ചെയ്സിനടിയിലും ഡ്രൈവര്‍ ക്യാബിന് അടിയിലുമൊക്കെയായി പ്രത്യേകം അറകള്‍ പണിതാണ് കഞ്ചാവ് കടത്ത്. രാത്രികാലകളില്‍ കാര്യമായ വാഹന പരിശോധന നടക്കാറില്ല. പഴക്കുല ലോഡുമായി തമിഴ്നാട്ടില്‍ നിന്നും വരുന്ന ലോറികള്‍ പരിശോധിക്കുക പ്രയാസകരമാണ്. കുലകള്‍ക്കിടയില്‍ സൗകര്യമായി ലഹരിവസ്തുക്കള്‍ കടത്താം.

എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോഡിനടയിലും മധ്യഭാഗത്തും മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടായെന്ന് കണ്ടുപിടിക്കുക പ്രയാസകരമാണ്. ലോഡിറക്കി പരിശോധനയും അപ്രായോഗികമാണ്. എം.ഡി.എം.എയ്ക്ക് പുറമെ ഹാഷിഷ് ഓയിലിന്റെയും മറ്റൊരു ലഹരി വസ്തുവായ എല്‍.എസ്.ഡി വച്ച സ്റ്റിക്കര്‍ ശരീരത്തില്‍ ഒട്ടിച്ചു വയ്ക്കുന്നതും വ്യാപകമാണ്. പതിയെ എല്‍.എസ്.ഡിയുടെ ലഹരി ശരീരത്തിലേക്ക് തുളച്ചു കയറും.

ലഹരിക്കെതിരേ പോരാടാന്‍ ‘യോദ്ധാക്കള്‍’ ഇല്ലാതെ എക്സൈസ് സേന

ലഹരിക്കെതിരായ പോരാട്ടത്തിന് ജനകീയ ക്യാമ്പയിനും ബഹുമുഖ കര്‍മ്മ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കെ അതിന് ഭാഗഭാക്കാകുവാന്‍ ജില്ലയില്‍ എക്സൈസിന് ആവശ്യത്തിന് അംഗബലമില്ല. മയക്കു
മരുന്നിനെതിരെയുള്ള കര്‍മ്മ പദ്ധതികള്‍ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കും. ഇതിനായി പഞ്ചായത്ത്, നഗരസഭ എന്നിവ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതിന് എക്സൈസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആവശ്യമാണ്. 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി മുഴുവന്‍ വാര്‍ഡുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സമിതികള്‍ രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം. 127 സിവില്‍ എക്സൈസ് ഓഫീസര്‍മാരും 58 പ്രിവന്റീവ് ഓഫീസമാരും 10 എക്സൈസ് ഇന്‍സ്പെക്ടര്‍മാരുമാണ് ജില്ലയില്‍ ഉള്ളത്.

നാല് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുണ്ട്. ഒക്ടോബര്‍ രണ്ടിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കുറഞ്ഞ അംഗബലം മാത്രമുള്ള ജില്ലയിലെ എക്സൈസിന് ഇവിടെയെല്ലാം വേഗത്തില്‍ ഓടിയെത്തുക അസാധ്യമാണ്. ഒരു ഉദ്യോഗസ്ഥന്‍ മൂന്ന് വാര്‍ഡുകള്‍ വച്ച് ചുമതല വഹിച്ചാലും ഈ സമയം കൊണ്ട് എല്ലായിടത്തും ഓടിയെത്താന്‍ കഴിയില്ല എന്നതാണ് സത്യം. ജില്ലയില്‍ അഞ്ച് സര്‍ക്കിള്‍ ഓഫീസും ഏഴ് റേഞ്ച് ഓഫീസും ഒരു സ്പെഷല്‍ സ്‌ക്വാഡുമാണ് ഉള്ളത്. പകല്‍
സമയം ഉദ്യോഗസ്ഥര്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ പോകുന്നത് റെയ്ഡുകളെയും പ്രതികൂലമായി ബാധിക്കും. പകല്‍ സമയം റെയ്ഡ് നടത്തുമ്പോള്‍ ലഭിക്കുന്ന വിവരം വച്ച് വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ വലിയ റെയ്ഡ് നടത്തി യാണ് വലിയ മയക്കുമരുന്ന് വേട്ട നടത്താറുള്ളത്. പകല്‍ സമയം വിവരശേഖരണം, നിരീക്ഷണം എന്നിവയും നടത്താറുണ്ട്. ഉദ്യോഗസ്ഥര്‍ പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലേക്ക് ജാഗ്രത സമിതി രൂപീകരണത്തിന് പോകുമ്പോള്‍ പകല്‍ സമയത്തെ പതിവ് പരിശോധനകള്‍, ലഹരി കടത്ത്, വിവരശേഖരണം, നിരീക്ഷണം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ജില്ലയില്‍ കൂടുതല്‍ എക്സൈസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാവശ്യം ശക്തമാണ്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…