അഹമ്മദാബാദ് : 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം ‘സാവജ്’ എന്ന സിംഹത്തെ സ്ഥാപിച്ച വാഹനത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗ്രൗണ്ട് ചുറ്റി കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്കെത്തിയത്. തുടര്‍ന്ന് കായികതാരങ്ങള്‍ കൈമാറിയ ദീപശിഖയില് നിന്ന് നരേന്ദ്രമോദി ഗെയിംസ് ദീപം തെളിച്ചു.
ബറോഡയിലെ സ്വര്‍ണിം കായിക സര്‍വകലാശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. നവരാത്രി നാളുകളില്‍ തന്നെ നടക്കുന്ന ഗെയിംസ് ആഘോഷമാക്കുക എന്നതാണ് ഗുജറാത്തിന്റെ ലക്ഷ്യം. അതിനായി വന്‍ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. 45 ഇനങ്ങളിലായി ഏഴായിരത്തോളം താരങ്ങള്‍ പങ്കെടുക്കുന്ന ദേശീയ ഗെയിംസ്, ഇന്ത്യയുടെ ‘മിനി ഒളിംപിക്സ്’ ആക്കാനൊരുങ്ങുകയാണ് ആതിഥേയര്‍.