തിരുവനന്തപുരം: രണ്ടാഴ്ചത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. ഡല്‍ഹി വഴി ഫിന്‍ലന്‍ഡിലേക്കാണ് ആദ്യം പോകുന്നത്. മന്ത്രി വി.ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശന സംഘത്തില്‍ ഉണ്ട്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഐടി കമ്പനികളും സന്ദര്‍ശിക്കുന്നുണ്ട്. ടൂറിസം, ആയുര്‍വേദ മേഖലകള്‍ സംബന്ധിച്ച ചര്‍ച്ചകളുമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോര്‍വേ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാന്‍ എന്നിവര്‍ അവിടെ ഒപ്പം ചേരും.
തുടര്‍ന്ന് ബ്രിട്ടന്‍ സന്ദര്‍ശിക്കും. വെയ്ല്‍സിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചര്‍ച്ച നടത്തും. മന്ത്രി വീണാ ജോര്‍ജും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. ലണ്ടനില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു യുകെയിലെ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചു ധാരണാപത്രം ഒപ്പുവയ്ക്കും. കേരള ഡിജിറ്റല്‍ സര്‍വകലാശാലാ പ്രതിനിധികളും സംഘത്തില്‍ ഉണ്ടാകും.
പ്രാദേശിക വ്യവസായികള്‍ പങ്കെടുക്കുന്ന നിക്ഷേപ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലും മന്ത്രി പി.രാജീവ് ഉണ്ടാകും. ഒക്ടോബര്‍ 14നു തിരിച്ചെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും 12നു മടങ്ങുമെന്നാണു കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.