വാഷിങ്ടന്‍: നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്) ദൗത്യം ഇടിച്ചതിനെത്തുടര്‍ന്ന് ഡൈമോര്‍ഫസ് ഛിന്നഗ്രഹത്തില്‍ നിന്ന് 10,000 കിലോമീറ്ററോളം അകലെവരെ പൊടിപടലങ്ങള്‍ വ്യാപിച്ചു. വാല്‍നക്ഷത്രങ്ങളുടെ വാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു. ചിലെയില്‍ സ്ഥാപിച്ച ടെലിസ്കോപ്പാണ് ഈ ദൃശ്യം ഒപ്പിയെടുത്തത്.
സെപ്റ്റംബര്‍ 27 പുലര്‍ച്ചെയാണ് ഡൈമോര്‍ഫസിലേക്ക് ഡാര്‍ട്ട് ഇടിച്ചിറങ്ങിയത്. ഛിന്നഗ്രഹങ്ങള്‍ അപകടകരമായ രീതിയില്‍ ഭൂമിയിലേക്കു വന്നാല്‍ പ്രതിരോധത്തിനായി അവയെ ഇടിച്ചു തെറിപ്പിക്കാനാകുമോ എന്നറിയുകയാണു ഡാര്‍ട്ടിന്റെ ലക്ഷ്യം. ഡൈമോര്‍ഫസിന്റെ ഭ്രമണപഥം ചുരുങ്ങിയാല്‍ പദ്ധതി വിജയമായതായി കണക്കാക്കും. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുക്കും.