കൊച്ചി: ബെനാമികള്‍ വഴി കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുള്ള അജ്ഞാത ‘ഡോക്ടര്‍’ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കലാണോയെന്നു കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം തുടങ്ങി. 5 വര്‍ഷം മുന്‍പാണു കൊച്ചി നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കിടയില്‍ ‘ഡോക്ടര്‍’ സജീവ ചര്‍ച്ചയായത്.
വിദേശത്താണെന്നു പറയപ്പെട്ട ‘ഡോക്ടര്‍’ ഒരിക്കല്‍ പോലും ഇടനിലക്കാര്‍ക്കു മുന്നില്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇടപാടുകള്‍ നടത്താന്‍ പണവുമായി എത്തുന്ന ബെനാമികളെ മാത്രമാണു ബ്രോക്കര്‍മാര്‍ക്കു പരിചയമുള്ളത്. തട്ടിപ്പുകേസില്‍ അറസ്റ്റിലാവുന്നതുവരെ മോന്‍സനും ‘ഡോക്ടര്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ബെനാമി അക്കൗണ്ടുകള്‍ വഴി ഇയാള്‍ വന്‍തോതില്‍ പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിട്ടുള്ള ബ്രോക്കര്‍മാരുടെ സഹകരണത്തോടെ ബെനാമികളിലേക്ക് അന്വേഷണം എത്തുന്നതോടെ ‘ഡോക്ടറുടെ’ തനിരൂപം തിരിച്ചറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മോന്‍സന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബെനാമികളെയും ഇടനിലക്കാരെയും മുന്നില്‍ നിര്‍ത്തിയാണ്. തട്ടിപ്പിനിരയായവര്‍ മോന്‍സനു നന്‍കിയ പണം എവിടെയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മോന്‍സനുമായി അടുപ്പമുള്ള പലരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തെങ്കിലും തട്ടിയെടുത്ത പണത്തെക്കുറിച്ച് അവരും മൊഴി നല്‍കിയിട്ടില്ല.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ ഒളിക്യാമറയുമായി ഒരു വര്‍ഷത്തോളം മോന്‍സനെ പിന്തുടര്‍ന്ന പരാതിക്കാര്‍ക്കും അവര്‍ നല്കിയ പണം മോന്സന് എവിടെയാണു നിക്ഷേപിച്ചതെന്നതു സംബന്ധിച്ചു സൂചനകളില്ല. ഈ സാഹചര്യത്തിലാണു മോന്‍സന്റെയും അടുപ്പക്കാരുടെയും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലം കണ്ടില്ലെങ്കില്‍ മോന്‍സനെതിരായ പ്രോസിക്യൂഷന് നടപടികള്‍ ദുര്‍ബലമാകും. പ്രതിക്കെതിരെ റജിസ്റ്റര്‍ ചെയ്ത 5 തട്ടിപ്പു കേസുകളിലെ ആദ്യ 2 കേസുകളിലെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചു.