കൊല്ലം: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. അപകടത്തിനു പിന്നാലെ ഒളിവില്‍പോയ ജോമോന് (48) ആണ് പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലം ചവറയില്‍നിന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ജോമോനെ രക്ഷിക്കാന്‍ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും പിടിയിലായി.
അഭിഭാഷകനെ കാണാന്‍ കാറില്‍ പോകുന്നതിനിടെയാണ് ജോമോന് പിടിയിലായത്. അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളയുകയായിരുന്നു. ജോമോന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. 5 കുട്ടികളും അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമുള്‍പ്പെടെ 9 പേര് മരിച്ചു. പരുക്കേറ്റ 2 പേര് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലാണ്.