പത്തനംതിട്ട: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തരീതിയില്‍ നടന്ന അരുംകൊലകള്‍. രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് വെട്ടിനുറുക്കി കുഴിച്ചിട്ട കൊടുംക്രൂരത. കൊച്ചി നഗരത്തില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ കൊച്ചി പോലീസ് അരയും തലയും മുറുക്കി അന്വേഷണം നടത്തിയപ്പോള്‍ തെളിഞ്ഞത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നരബലിയുടെ വിവരങ്ങള്‍.
പെരുമ്പാവൂര്‍ സ്വദേശി ഷാഫി(ഷിഹാബ്) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ദഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ട് സ്ത്രീകളെ നരബലി നല്‍കിയ കേസില്‍ പോലീസിന്റെ പിടിയിലായത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെയും പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. പാരമ്പര്യ വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങ് ഇങ്ങനെയൊരു കൃത്യം ചെയ്തെന്ന വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബാബു അണ്ണന്‍ ഒരു ശാന്തസ്വഭാവക്കാരനാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം.
സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഫിയും ഭഗവല്‍സിങ്ങുമെല്ലാം പോലീസിന്റെ അന്വേഷണപരിധിയിലേക്ക് കടന്നുവരുന്നത്. ഒടുവില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മൂവരും പിടിയിലായി. ഇവരെ ചോദ്യംചെയ്തതോടെ കേരളം ഞെട്ടിയ നരബലിയുടെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു.