പത്തനംതിട്ട: കട്ട സഖാവ് ആയിരുന്നെങ്കിലും വൈദ്യന്‍ ഭഗവല്‍ സിങിന് ഇലന്തൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ആയുര്‍വേദ ഫാക്ടറി നിര്‍മാണത്തിനായി ഭഗവല്‍ സിങിന് പഞ്ചായത്ത് കമ്മറ്റി നല്‍കിയത് അഞ്ചു ലക്ഷം രൂപയാണ്. ആയുര്‍വേദ മരുന്നു ചെടികള്‍ വളര്‍ത്തി ഇവയില്‍ നിന്ന് മരുന്ന് ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിക്കാണ് സാംസണ്‍ മുക്കരണത്ത് പ്രസിഡന്റായിരുന്ന പഞ്ചായത്ത് കമ്മറ്റി പണം അനുവദിച്ചത്. പക്ഷേ, ഇവിടെ മരുന്നു കമ്പനിയൊന്നുമുണ്ടായില്ല. പകരം തിരുമ്മു കേന്ദ്രം തുടര്‍ന്നു. ഈ ഒരു കാരണത്താല്‍ ഭഗവല്‍ സിങിനെതിരേ കടുത്ത് പറയാന്‍ കോണ്‍ഗ്രസിന് കഴിയുകയുമില്ല.
ഇയാള്‍ക്കെതിരേ സംസ്ഥാന ഇന്റലിജന്‍സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴു മാസം മുന്‍പാണ് ഇതു സംബന്ധിച്ച് അന്വേഷണം നടന്നത്. സംസ്ഥാനമൊട്ടാകെയുള്ള മസാജ് സെന്റര്‍, തിരുമ്മു കേന്ദ്രങ്ങള്‍, ആയുവേദവൈദ്യന്മാര്‍, മര്‍മാണി വൈദ്യര്‍ തുടങ്ങിയവരെപ്പറ്റിയുള്ള നിരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അന്വേഷണം. അന്ന് ഭഗവല്‍ സിങിന്റെ ചുറ്റുപാടുകളിലെ ദുരൂഹത സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്മേല്‍ തുടര്‍ നടപടിയൊന്നുമായിട്ടില്ല. വൈദ്യന്റെ വീട്ടില്‍ സംശയാസ്പദമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന പരിസരവാസികളുടെ അഭിപ്രായം കൂടി മുഖവിലയ്ക്ക് എടുത്തായിരുന്നു റിപ്പോര്‍ട്ട്. ഇതിന്മേല്‍ നടപടി വൈകിയത് കൊലപാതകത്തിന് കാരണമായെന്നാണ് പറയപ്പെടുന്നത്.