പത്തനംതിട്ട: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ബിരുദ-ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത് കഴുത്തറപ്പന്‍ ഫീസ്. കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും നിശ്ചയിച്ച ഫീസിന്റെ മൂന്നിരട്ടിയോളമാണ് ഓപ്പണ്‍ സര്‍വകലാശാലയുടെ ഫീസായി നിജപ്പെടുത്തിയിരിക്കുന്നത്.
ബി.എയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് കാലിക്കറ്റില്‍ 6135 രൂപ മാത്രം വേണ്ടി വരുന്നിടത്തു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഫീസ് 17,980 രൂപയാണ്. ബി.കോമിന് കാലിക്കറ്റില്‍ 6795 രൂപമാത്രം ഉള്ളപ്പോള്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ 23,980 രൂപ ആണ് നിശ്ചയിച്ചിരിക്കുന്നത്. പി.ജി കോഴ്സുകളുടെ ഫീസിലും ഈ വലിയ വ്യത്യാസം പ്രകടമാണ്. കാലിക്കറ്റില്‍ പി.ജി കോഴ്സുകള്‍ക്ക് രണ്ടുവര്‍ഷത്തേക്കും കൂടി ഫീസ് 6020 രൂപ മാത്രമാണ്. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ പി.ജി കോഴ്സുകള്‍ക്ക് വില വളരെ കൂടുതലാണ്. അവിടെ 14,770 രൂപയാണ് അടയ്ക്കേണ്ടി വരിക.
ഫീസ് കുറവുള്ള സര്വകലാശാശാലയില് പഠിക്കണമെന്ന് കരുതിയാലും നടക്കില്ല. കാരണം ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിലെ 47 (2 ), 72 എന്നീ വകുപ്പുകളില്‍ എഴുതി ചേര്‍ത്തിരിക്കുന്ന വ്യവസ്ഥപ്രകാരം കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷനും നിരോധിച്ചിരിക്കുകയാണ്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല മാത്രമേ ഇനി വിദൂര കോഴ്സുകള്‍ നടത്താന്‍ പാടുള്ളൂ. ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഓപ്പണ്‍ സര്‍വകലാശാലയില്‍ യു. ജി.സി അംഗീകാരമുള്ള അഞ്ചു ബിരുദ കോഴ്സുകളും (മലയാളം , ഇംഗ്ലീഷ്, ഹിന്ദി,അറബിക്, സംസ്കൃതം), രണ്ട് പി.ജി. കോഴ്സുകളും (മലയാളം, ഇംഗ്ലീഷ്) ഒഴിച്ചുള്ള കോഴ്സുകള്‍ക്ക് മറ്റു സര്‍വകലാശാലകളില്‍ മുന്‍ വര്‍ഷത്തേത് പോലെ വിദൂര വിദ്യാഭ്യാസ കോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷന് കോഴ്സുകളും നടത്താന്‍ തത്ക്കാലം അനുമതിയുണ്ട്. ഇതനുസരിച്ചു കാലിക്കറ്റ് സര്‍വകലാശാലയും ഓപ്പണ്‍ സര്‍വകലാശാലയും കോഴ്സുകള്‍ നടത്താന്‍ വിജ്ഞാപനം നടത്തിയപ്പോഴാണ്ഫീസിലെ ഈ ഭീമമായ അന്തരം വെളിപ്പെട്ടത്.
ലിംഗ, മത, പ്രാദേശിക വിവേചനങ്ങളില്ലാതെ സാമ്പത്തികമായും സാമൂഹികമായും ദുര്‍ബലരായ വിഭാഗങ്ങളെ ഒരു ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തി വളര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്നറിയിച്ചു കൊണ്ട് മറ്റു സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ
കോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷനും തടയുന്ന നിയമമുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ സജ്ജമായ ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയാണ് ഇത്തരത്തില്‍ കഴുത്തറപ്പന്‍ ഫീസ് ഈടാക്കുന്നത്. ഇത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് കുട്ടികള്‍ പറയുന്നു.